16 June, 2020 06:48:01 AM
ഫീല്‍ഡിങ്ങില്‍ മന്നന്‍ ജഡേജ: ഇന്ത്യന്‍ താരത്തെ പുകഴ്‌ത്തി ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്‌റ്റന്‍
മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ പുകഴ്‌ത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവന്‍ സ്‌മിത്ത്. ഇപ്പോള്‍ സജീവമായ രാജ്യാന്തര ക്രിക്കറ്റര്‍മാരില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന പെരുമയ്‌ക്ക് എന്തുകൊണ്ടും അര്‍ഹന്‍ ജഡേജയാണെന്നാണ് ഓസീസ് താരത്തിന്റെ അഭിപ്രായം. ചടുല നീക്കങ്ങളും ഉന്നം തെറ്റാത്ത ത്രോയും ചോരാത്ത കൈളും ജഡേജയെ ലോകത്തെ മികച്ച ഫീല്‍ഡറാക്കുന്ന ഘടകമാണെന്നു സ്‌മിത്ത് പറഞ്ഞു. ഇന്‍സ്‌റ്റഗ്രാമിലൂടെ ക്രിക്കറ്റ് പ്രേമികള്‍ ആരാഞ്ഞ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു സ്‌മിത്ത്.
ഇന്ത്യയ്‌ക്കായി രണ്ടു ലോകകിരീടങ്ങളുയര്‍ത്തിയ മഹേന്ദ്ര സിങ് ധോണിയെ 'ഇതിഹാസ'മെന്നും 'മിസ്‌റ്റര്‍ കൂള്‍' എന്നുമാണ് സ്‌മിത്ത് വിശേഷിപ്പിച്ചത്. ബാറ്റിങ് പ്രകടനത്തില്‍ നിലവിലെ ക്യാപ്‌റ്റന്‍ വിരാട് കോഹ്ലി 'ഫ്രീക്ക്' ആണെന്നായിരുന്നു സ്‌മിത്തിന്റെ മറുപടി. മാന്യനും മഹാനായ കളിക്കാരനുമായിരുന്നു രാഹുല്‍ ദ്രാവിഡെന്നു വ്യക്‌തമാക്കിയ സ്‌മിത്ത്, ഇന്ത്യയിലെ യുവതാരങ്ങളില്‍ പ്രതിഭയും പ്രകടനവും കൊണ്ട് തന്റെ മനം കവര്‍ന്നതു കെ.എല്‍. രാഹുലാണെന്നും ചൂണ്ടിക്കാട്ടി.
ലോകത്ത് ഇന്ന് അരങ്ങേറുന്ന ടൂര്‍ണമെന്റുകളില്‍ തനിക്ക് ഏറെ പ്രിയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ആണെന്ന് സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പവും എതിരേയും കളിക്കാമെന്നതാണ് ഐ.പി.എല്ലിനെ പ്രിയങ്കരമാക്കുന്നത്. ഐ.പി.എലില്‍ കളിക്കുകയെന്നതുതന്നെ വെല്ലുവിളിയാണെന്നും സ്‌മിത്ത് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം നിശ്‌ചയിച്ചിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി കാത്തിരിക്കുകയാണെന്നു മുന്‍ ക്യാപ്‌റ്റന്‍ കൂടിയായ സ്‌മിത്ത് പറഞ്ഞു.