06 June, 2020 09:20:11 PM
സൂപ്പർതാരം ലയണൽ മെസിക്ക് പരിക്ക്; സ്ഥിരീകരിച്ച് ബാഴ്സലോണ അധികൃതർ
മാഡ്രിഡ്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സ്പാനിഷ് ലാലിഗ മത്സരങ്ങൾ പുനഃരാരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ സൂപ്പർതാരം ലയണൽ മെസിക്ക് പരിക്കേറ്റു. പരിശീലനത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. സൂപ്പർതാരത്തിന് പരിക്കേറ്റത് ബാഴ്സലണയെ കടുത്ത സമ്മർദ്ദത്തിലാക്കും. ജൂൺ 11നാണ് ലാലിഗ സീസൺ പുനഃരാരംഭിക്കുന്നത്.
മെസിക്ക് പരിക്കേറ്റ വിവരം ബാഴ്സലോണ അധികൃതർ സ്ഥിരീകരിച്ചു. പരിശീലനം നടത്തുമ്പോൾ വലതു കാൽവണ്ണയുടെ പേശിയ്ക്കാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം മെസിക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 13ന് മയ്യോര്‍ക്കക്കെതിരെയാണ് ബാഴ്സലോണയുടെ ആദ്യ മത്സരം.
മയ്യോർക്കക്കെതിരായ മത്സരത്തിൽ മെസിക്ക് പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. അതേസമയം മെസിയുടെ പരിക്ക് കുറച്ചുനാൾ മുമ്പ് സംഭവിച്ചതാണെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും സൂചനയുണ്ട്. ലാലിഗയിൽ 11 മത്സരം കൂടി ബാക്കിനിൽക്കെ കിരീടത്തിനായി ചിരവൈരികളായ ബാഴ്സലോണയും റയൽമാഡ്രിഡും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. 27 മത്സരം പൂർത്തിയാപ്പോൾ ബാഴ്സയ്ക്ക് 58 പോയിന്‍റും റയലിന് 56 പോയിന്‍റുമാണുള്ളത്. 47 പോയിന്‍റുള്ള സെവിയ്യയാണ് മൂന്നാമത്.