01 June, 2020 11:51:52 AM
ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ഹർദിക് പാണ്ഡ്യയും പ്രതിശ്രുത വധുവും
മുംബൈ: ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ. താനും പ്രതിശ്രുത വധുവായ സെർബിയൻ നടി നടാഷ സ്റ്റാങ്കോവിച്ചും ജീവിതത്തിലേക്ക് പുതിയൊരാളെ കാത്തിരിക്കുകയാണെന്ന സന്തോഷവിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഹർദിക് പങ്കുവച്ചത്.
'വളരെ മനോഹരമായിരുന്നു ഇതുവരെയുള്ള എന്‍റെയും നടാഷയുടെയും യാത്ര. അത് കൂടുതൽ മനോഹരമാകാന്‍ പോവുകയാണ്. ജീവിതത്തിലേക്ക് ഒരു പുതിയ ജീവനെ ഒരുമിച്ച് വരവേൽക്കാനുള്ള ആവേശത്തിലാണ് ഞങ്ങൾ. ജീവിതത്തിന്‍റെ ഈ പുതിയ ഘട്ടത്തിൽ നിങ്ങളുടെ അനുഗ്രഹവും ആശംസകളും തേടുകയാണ് ഞങ്ങൾ' ഹർദിക് ട്വിറ്ററിൽ കുറിച്ചു. നടാഷയോടൊപ്പമുള്ള വിവിധ ചിത്രങ്ങളും ഹര്‍ദിക് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
വിവാഹം നിശ്ചയിച്ചുവെന്ന വിവരം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ഹാർദിക് പാണ്ഡ്യ വെളിപ്പെടുത്തിയത്. ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടാഷ ബിഗ് ബോസിലൂടെയാണ് പ്രശസ്തി നേടിയത്. ഇന്ത്യൻ ഇന്‍റർനാഷണൽ ക്രിക്കറ്റിലെ ഓൾറൗണ്ടർ ആയ ഹാർദിക് ഹിമാൻഷു പാണ്ഡ്യ 1993 ഒക്ടോബർ 11 ന് ഗുജറാത്തിലെ സൂററ്റിൽ ജനിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി കളിക്കളത്തിലിറങ്ങുന്ന ഹാർദിക് ഒരു റൈറ്റ് ഹാൻഡഡ് ബാറ്റ്‌സ്മാനും റൈറ്റ് ആം മീഡിയം ഫാസ്റ്റ് ബൗളറും കൂടെയാണ്.