30 May, 2020 09:39:05 PM
'കിടക്കയിലും റിംഗിലും അവൾ അസഹനീയം'; യൂട്യൂബ് അവഹേളനത്തിന് എതിരെ റെസ്ലിംഗ് താരം
ഓര്‍ലാണ്ടോ: തന്‍റെ ലൈംഗിക ജീവിതത്തെപ്പറ്റി അവഹേളനപരമായ പരാമർശങ്ങൾ നടത്തിയ യൂട്യൂബ് താരമായ കമന്‍റേറ്റര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് വനിതാ റെസ്ലിംഗ് താരം. 1,16,000 സബ്സ്ക്രൈബർമാർ ഉള്ള യൂട്യൂബ് ചാനലില്‍ റെസ്ലിംഗ് താരം അലക്സ ബ്ലിസിനെതിരെ ലൈംഗിക ചുവയോടെ ജെ.ഡി.ഫ്രം എൻ.വൈ.206 കമന്‍റ് ചെയ്ത വീഡിയോ 6 ലക്ഷത്തോളം പേരാണ് കണ്ടത്.
"അവൾ ഒന്നും ചെയ്യില്ല, ഒന്നും. നിങ്ങൾക്ക് ഊഹിക്കാമോ? അലെക്സ ബ്ലിസുമൊത്തു കിടക്കപങ്കിടുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? അവൾ റിങ്ങിലെങ്ങനെയാണോ, അതുപോലെ തന്നെയാണ് അവിടെയും. അസഹനീയം," എന്നായിരുന്നു ഇയാളുടെ വിവാദ പരാമർശം. ഒടുവിൽ കാര്യങ്ങൾ തന്‍റെ ചെവിയിലെത്തിയതോടെ പ്രതികരണവുമായി അലക്സ രംഗത്തെത്തി. സഹ താരങ്ങളായ പെയ്‌ജ്, സോണിയ എന്നിവരും അലക്സക്ക് പിന്തുണയുമായെത്തി.
"സാധാരണ ഗതിയിൽ ഞാൻ ഇയാളുടെ വിഡ്ഢിത്തം അവഗണിക്കുകയാണ് പതിവ്. എന്നെ കരിവാരി തേച്ച് ശ്രദ്ധേനേടുകയാണ് ഇയാളുടെ ഉദ്ദേശം. എന്റെ വർക്കിനെ അവമതിക്കാൻ നിങ്ങളെങ്ങനെ ധൈര്യപ്പെട്ടു? എന്റെ ഭാഗത്ത് നിന്നും അയാൾ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യപ്പെട്ടു. മൈക്കിന്റെ പിറകിൽ അസംബന്ധം വിളിച്ച് പറയുന്ന ആൾക്കാരിൽ ഒരാളാണയാൾ." ഇങ്ങനെയാണ് മൂന്നു വട്ടം ചാമ്പ്യൻ ആയ അലക്സ കമന്‍റേറ്റര്‍ക്കെതിരെ പ്രതികരിച്ചത്.