19 May, 2020 11:36:07 AM


ഈ തലമുറയിലെ മികച്ച ബാറ്റ്സ്മാൻ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ - ഇയാന്‍ ചാപ്പല്‍



കാന്‍ബറ: ഈ തലമുറയിലെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍. ഷോട്ടുകള്‍ കളിക്കുന്നതിലെ പ്രാഗത്ഭ്യവും അസാമാന്യ കായികക്ഷമതയും വിരാട് കോഹ്‌ലിയെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും പുതിയ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാക്കുന്നത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെക്കാളുമൊക്കെ കേമന്‍ കോഹ്‌ലി തന്നെയാണെന്ന് ഒരു യൂട്യൂബ് ചാനലിന്റെ പരിപാടിയില്‍ ചാപ്പല്‍ വെളിപ്പെടുത്തി.
മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയുടെ റെക്കോഡ് അവിശ്വസനീയമാണ്. പരിമിത ഓവര്‍ മത്സരങ്ങളിലാണ് ഏറ്റവും മികച്ച റെക്കോഡ് എന്നും ചാപ്പല്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് കോഹ്ലിക്ക് അടുത്തെങ്ങുമെത്തില്ലെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞതിന് പിന്നാലെയാണ് ചാപ്പലിന്റെ പ്രതികരണം. കോഹ്‌ലി ഇതുവരെ എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ റണ്‍സും തികച്ചു. എല്ലാ ഫോര്‍മാറ്റിലും അമ്പതിന് മുകളിലാണ് ശരാശരി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K