21 April, 2016 01:34:11 PM
ഐ.പി.എൽ മത്സരങ്ങൾ ജയ്പൂരിലേക്ക് മാറ്റിയതിനെതിരെ രാജസ്ഥാൻ ഹൈകോടതി
ജയ്പൂർ: ഐ.പി.എൽ മത്സരങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് ജയ്പൂരിലേക്ക് മാറ്റിയതിനെതിരെ രാജസ്ഥാൻ ഹൈകോടതി. രാജസ്ഥാനും ജലക്ഷാമം നേരിടുന്നുണ്ടെന്നിരിക്കെ മത്സരങ്ങൾ ജയ്പൂരിലേക്ക് മാറ്റിയത് എന്തിനാണെന്ന് കോടതി ചോദിച്ചു.
മഹാരാഷ്ട്രയിൽ നിന്നും രാജസ്ഥാനിലേക്ക് ഐ.പി.എൽ മത്സരം മാറ്റിയത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാറിനും ബി.സി.സി.ഐക്കും നോട്ടീസ് അയച്ചു. കേസ് വീണ്ടും ഈ മാസം 27ന് പരിഗണിക്കും. ജലവിഭവ വകുപ്പ്, കായിക യുവജനകാര്യ വകുപ്പ്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ എന്നിവരോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കടുത്ത വരൾച്ച നേരിടുമ്പോഴും പിച്ച് പരിപാലിക്കുന്നതിനായി വെള്ളം ധൂർത്തടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് മഹാരാഷ്ട്രയിൽ നിന്ന് ഐ.പി.എൽ മത്സരങ്ങൾ മാറ്റിയത്. ഏപ്രിൽ 30ന് മുൻപ് നടക്കുന്ന മത്സരങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് മാറ്റണമെന്ന് ബോംബെ ഹൈകോടതി നിർദേശിച്ചിരുന്നു. 20 മത്സരങ്ങളാണ് മഹാരാഷ്ട്രയിൽ നടത്താൻ നിശ്ചയിച്ചിരുന്നത്. ട്രെയിനിൽ വെള്ളമെത്തിച്ചാണ് മഹാരാഷ്ട്രയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമം നടത്തുന്നത്.