21 April, 2020 02:16:28 PM
19 പരിശോധനയും പോസിറ്റീവ്: പത്തനംതിട്ടയിലെ രോഗിക്ക് രോഗലക്ഷണമില്ല!
പത്തനംതിട്ട: രോഗലക്ഷണങ്ങളില്ലാത്ത രോഗിക്ക് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകളെല്ലാം പോസിറ്റീവ്. പത്തനംതിട്ടയില്‍ ഇറ്റലി കുടുംബത്തിൽനിന്നു സമ്പർക്കത്തിലൂടെ അസുഖബാധിതയായ വീട്ടമ്മയ്ക്കാണ് 42 ദിവസമായിട്ടും രോഗം ഭേദമാകാത്തത്. റാന്നി ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയുടെ 19-ാം പരിശോധനാ ഫലവും പോസിറ്റീവായതോടെ ആശുപത്രി അധികൃതർ ആശങ്കയിലായി. കാര്യമായ ഒരു രോഗലക്ഷണങ്ങളുമില്ലാതിരുന്നിട്ടും 19-ാമത്തെ പരിശോധനഫലവും പോസിറ്റീവായി വന്നതാണ് ഡോക്ടർരെ അമ്പരപ്പിക്കുന്നത്.
കഴിഞ്ഞ 42 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വീട്ടമ്മയുടെ പരിശോധനാഫലത്തിൽ അപാകതയുണ്ടോയെന്ന കാര്യവും പരിശോധിക്കും. വീട്ടമ്മയുടെ ചികിത്സ സംബന്ധിച്ചു കഴിഞ്ഞ ദിവസം ജില്ലാ ആരോഗ്യ ബോർഡ് യോഗം ചേർന്നു വിശദമായ ചർച്ച നടത്തിയിരുന്നു. അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. ആവശ്യമെങ്കിൽ സംസ്ഥാന മെഡിക്കൽ ബോർഡിൽനിന്ന് ഉപദേശം തേടും. മരുന്നിന്റെ പുതിയ ഡോസ് ഇവർക്കു വീണ്ടും നൽകി. ഇതിനുശേഷമുള്ള പരിശോധന ഫലം കൂടി വിലയിരുത്തി തീരുമാനമെടുക്കാമെന്ന ധാരണയിലാണ് ഇപ്പോൾ ഡോക്ടർമാർ.
ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നുവെന്ന് ഇതിനിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതേകുറിച്ച് ആലോചിച്ചിട്ടില്ലെന്നും സംസ്ഥാന ആരോഗ്യബോര്‍ഡിന്‍റെ ഉപദേശം അനുസരിച്ച് മാത്രമേ അത്തരം നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. ഇവർക്കൊപ്പം കോവിഡ് സ്ഥിരീകരിച്ച മകൾ രോഗമുക്തയായി നാലുദിവസം മുൻപ് വീട്ടിലേക്കു മടങ്ങിയിരുന്നു. ഇവർക്കു രോഗം പിടിപെടാൻ കാരണമായ ഇറ്റലി കുടുംബവും അവരിൽനിന്നു പകർന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു.