10 October, 2023 10:41:30 AM
കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; അഖില്‍ സജീവനും യുവമോര്‍ച്ച നേതാവിനുമെതിരെ കേസ്
പത്തനംതിട്ട: ആരോഗ്യവകുപ്പ് നിയമനതട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവനെതിരെ മറ്റൊരു കേസ് കൂടി. പത്തനംതിട്ട വലിയകുളം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കേസിൽ അഖിൽ സജീവും യുവമോർച്ച നേതാവ് രാജേഷും പ്രതികളാണ്. ഇരുവരും പ്രതികളാവുന്ന രണ്ടാമത്തെ കേസാണിത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഇപ്പോൾ അഖിൽ സജീവ്. അഖിൽ സജീവിനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ഇയാൾ വ്യാജ സീലും ഉപ്പും നിർമ്മിച്ചു എന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഇക്കാര്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഇതിനുശേഷമായിരിക്കും, ആരോഗ്യവകുപ്പിലെ നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് കന്‍റോൺമെന്‍റ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.
അതിനിടെ ആരോഗ്യവകുപ്പിലെ നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണം വ്യജമാണെന്ന് വ്യക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ആർക്കും പണം നൽകിയില്ലെന്ന് കേസിലെ പരാതിക്കാരനായ ഹരിദാസൻ മൊഴി നൽകി. കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്.
മന്ത്രിയുടെ സ്റ്റാഫിന്‍റെ പേര് പറഞ്ഞത് ബാസിതിന്‍റെ നിർദ്ദേശപ്രകാരമാണെന്ന് ഹരിദാസൻ വ്യക്തമാക്കി. അഖിൽ മാത്യുവിന്‍റെ പേര് പറയാൻ ബാസിത് നിർദ്ദേശിക്കുകയായിരുന്നു. മരുമകളുടെ നിയമനത്തിനായി അഖിൽ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നൽകിയതായി ഹരിദാസൻ പറഞ്ഞു. പുതിയ മൊഴിയോടെ ഹരിദാസിനെ ഉടൻ പ്രതി ചേർത്തേക്കില്ല. ഹരിദാസന്‍റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും.
ഇന്നലെ രാവിലെ മൊഴി നൽകാനായി കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ഹരിദാസൻ നൽകിയത്. ഒന്നും ഓർമ്മയില്ലെന്നും പണം വാങ്ങിയ ആളെ കൃത്യമായി ഓർക്കുന്നില്ലെന്നും ഹരിദാസൻ കന്റോൺമെന്റ് പൊലീസിന് മൊഴി നൽകി.