22 November, 2023 04:29:03 PM


നവകേരള സദസ്സിന് പണം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിസിസി



പത്തനംതിട്ട: നവകേരള സദസിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവല്ല നഗരസഭാ ഭരണസമിതിക്കും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും നിർദേശം നൽകി ഡിസിസി. ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചു പറമ്പിലാണ് നിർദേശം നൽകിയത്. പണം നൽകാനുള്ള തീരുമാനം പാർട്ടി അച്ചടക്ക ലംഘനമാണെന്ന് ഭരണ സമിതികളെ ഡിസിസി അറിയിച്ചു.

നഗരസഭാ കൗൺസിലും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും ഉടൻ വിളിച്ചു ചേർക്കാൻ ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരുവല്ല നഗരസഭയിലും കോന്നി ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് പുനഃപരിശോധന തീരുമാനത്തിന് തിരിച്ചടിയാകും. തിരുവല്ല നഗരസഭ ആദ്യഘട്ടമായി 50000 രൂപ നല്‍കി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗവും പണം നല്‍കാന്‍ തീരുമാനിച്ചു. ഇവ നൽകരുതെന്നാണ് ഡിസിസിയുടെ ആവശ്യം.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ നവകേരള സദസിന് അരലക്ഷം രൂപ അനുവദിച്ചത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ചിരുന്നു. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണിപ്പോള്‍ തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തും പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K