24 November, 2023 10:37:45 AM
റോബിൻ ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു; കോടതിക്ക് കൈമാറുവാന്‍ നീക്കം
പത്തനംതിട്ട: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സർവീസ് നടത്തിയെന്ന ആരോപണവുമായി KL65R5999 റോബിൻ ബസ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ് ആർ ടി ഒ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. പിടിച്ചെടുത്ത റോബിൻ ബസ് കോടതിക്ക് കൈമാറുവാനാണ് നീക്കം. ബസ് ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നടപടിക്ക് സാധ്യത.
ഇന്ന് പുലർച്ച നടത്തിയ പരിശോധനയിൽ റോബിൻ ബസിന് 7500 രൂപ പിഴയുമിട്ടു. ഇന്നലെയും 7500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഈ വാഹനം എംവിഡി പിടികൂടി പിഴ ഈടാക്കിയ ശേഷം വിട്ടയച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വായിച്ച് കേൾപ്പിച്ച ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവ് ലംഘിച്ചും യാത്രക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിധം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സർവ്വീസ് നടത്തരുതെന്ന നിർദേശവും നൽകിയിരുന്നു.
സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുകൂലവിധിയുണ്ടെന്ന ബസ് ഉടമസ്ഥന്‍റെ വാദം വ്യാജമാണെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ഹൈക്കോടതി നിർദേശം ലംഘിക്കുന്നത് ഉൾപ്പടെയുള്ള തുടർച്ചയായി നിയമലംഘനം ആരോപിച്ചാണ് ഇപ്പോള്‍ വാഹനം പിടിച്ചെടുത്തിരിക്കുന്നത്. വാഹനത്തിന്‍റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിൽ നടപടികളുണ്ടാകുമെന്നും എംവിഡി അറിയിച്ചു. നിയമലംഘനം ചൂണ്ടികാട്ടി ബസിന്‍റെ ഉടമസ്ഥനെതിരെ മോട്ടോർവാഹനവകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറെ കൌതുകമുണര്‍ത്തുന്നത് റോബിന്‍ ബസിന് അനുകൂലമായി വാര്‍ത്ത ചെയ്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, വ്‌ളോഗർമാർ ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്ന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതരുടെ അറിയിപ്പാണ്. വാഹനങ്ങളുമായി ബന്ധപ്പെട്ടല്ലാതെ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ഈ പ്രസ്താവനയും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്.
ബസ് പിടിച്ചെടുക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നതെന്നാണ് റോബിന്‍ ബസുമായി ബന്ധപ്പെട്ട ആളുകള്‍ പറയുന്നത്. നിയമപരമായ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന മറ്റ് ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും പേരിന് പോലും പരിശോധന നടത്താത്ത എംവിഡി റോബിന്‍ ബസിന് പിന്നാലെ മാത്രം പായുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം അമര്‍ഷം രേഖപ്പെടുത്തി വരികയാണ്. സര്‍വീസ് നടത്തിയ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്‍റെ പല കേന്ദ്രങ്ങളിലും നാട്ടുകാര്‍ വഴിയില്‍ കാത്തുനിന്ന് നല്‍കിയ സ്വീകരണം ഇത് തെളിയിക്കുന്നതുമായിരുന്നു.