21 April, 2020 07:07:15 AM


ഒരോവറിലെ ആറു സിക്‌സര്‍: റഫറി ബാറ്റ്‌ പരിശോധിച്ചെന്നു യുവരാജ്‌ സിംഗ്


uploads/news/2020/04/389889/s2.jpg


മുംബൈ: 2007ലെ പ്രഥമ ഐ.സി.സി. ട്വന്റി 20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ യുവരാജ്‌ സിങിന്റെ അവിസ്‌മരണീയ ബാറ്റിങ്‌ പ്രകടനം ഇന്നും ചര്‍ച്ചാ വിഷയമാണ്‌. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഫാസ്‌റ്റ് ബൗളര്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡിനെതിരേ യുവ്രാജ്‌ ഒരോവറിലെ ആറു പന്തുകളും സിക്‌സറിനു പറത്തിയത്‌ ഇന്നും ക്രിക്കറ്റ്‌ പ്രേമികളെ ആവേശത്തിലാഴ്‌ത്തുന്ന ഓര്‍മയാണ്‌. യുവരാജിന്റെ ഈ നേട്ടം ആവര്‍ത്തിക്കാന്‍ പിന്നീട്‌ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. ഈ നേട്ടത്തിനു ശേഷം ഉണ്ടായ രസകരമായ അനുഭവം സ്‌പോര്‍ട്‌സ് തക്കിനു നല്‍കിയ അഭിമുഖത്തില്‍ യുവ്രാജ്‌ പങ്കുവച്ചു.


ഇംഗ്ലണ്ടിനെതിരായ ലോകറെക്കോഡ്‌ പ്രകടനത്തിനുശേഷം താന്‍ നോട്ടപ്പുള്ളിയായി മാറിയതായും എതിര്‍ടീമുകള്‍ താരങ്ങള്‍ തന്നെയും തന്റെ ബാറ്റിനെയും സംശയത്തോടെയാണു പിന്നീടു നോക്കിയതന്നും യുവ്രാജ്‌ പറഞ്ഞു. 


ഇന്ത്യ ചാംപ്യന്‍മാരായ 2007ലെ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ്‌്ക്കെതിരായ മത്സരത്തിലും യുവ്രാജായിരുന്നു ഇന്ത്യയുടെ ഹീറോ. 30 പന്തില്‍ 70 റണ്‍സാണ്‌ ഓസീസിനെതിരേ യുവ്രാജ്‌ അടിച്ചെടുത്തത്‌. മത്സരത്തിനുശേഷം ഓസീസ്‌ കോച്ച്‌ തന്റെയടുത്തേക്കു വരികയും സംശയരൂപേണ ബാറ്റ്‌ പരിശോധിക്കുകയും ചെയ്‌തതതായി യുവ്രാജ്‌ പറഞ്ഞു. ബാറ്റിനു പുറകില്‍ ഫൈബര്‍ ഉണ്ടോയെന്നും അത്‌ നിയമപരമാണോയെന്നും അദ്ദേഹം ചോദിച്ചു. മാച്ച്‌ റഫറി ബാറ്റ്‌ പരിശോധിച്ചിരുന്നോയെന്നും ഓസീസ്‌ കോച്ച്‌ ചോദിച്ചു. 
ഓസ്‌ട്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ആദം ഗില്‍ക്രിസ്‌റ്റ് അന്നു ചോദിച്ചത്‌ ഈ ബാറ്റ്‌ ആരാണ്‌ നിര്‍മിച്ചു തരുന്നതെന്നായിരുന്നു. മാച്ച്‌ റഫറിയും അന്നു തന്റെ ബാറ്റ്‌ പരിശോധിച്ചിരുന്നു. അന്നുപയോഗിച്ച ബാറ്റ്‌ തന്നെ സംബന്ധിച്ച്‌ വളരെ പ്രത്യേകതകളുള്ളതായിരുന്നെന്നു യുവ്രാജ്‌ പറഞ്ഞു.


അതുപോലൊരു ബാറ്റ്‌ കൊണ്ട്‌ മുമ്പൊരിക്കലും കളിച്ചിട്ടില്ല. അതുപോലെ തന്നെയായിരുന്നു 2011ലെ ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റെന്നും യുവി പറഞ്ഞു. 
സൗരവ്‌ ഗാംഗുലിയാണ്‌ തന്റെ പ്രിയപ്പെട്ട ക്യാപ്‌റ്റനെന്നും യുവ്രാജ്‌ പറഞ്ഞു. കളിച്ച ഇന്ത്യന്‍ നായകരില്‍ ഫേവറിറ്റ്‌ ഗാംഗുലിയാണ്‌. കാരണം മറ്റെല്ലാ ക്യാപ്‌റ്റന്‍മാരേക്കാളും തന്നെ പിന്തുണച്ചതും ആത്മവിശ്വാസം നല്‍കിയതും ദാദയാണ്‌. തന്റെ പ്രതിഭയെ കൂടൂതല്‍ പരിപോഷിപ്പിക്കാനും സഹായിച്ചത്‌ അദ്ദേഹമായിരുന്നു. നാലോ, അഞ്ചോ പേരാണ്‌ ശക്‌തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ തന്നെ സഹായിക്കുകയെന്നു പറഞ്ഞ ഗാംഗുലി അന്ന്‌ അവരെയെല്ലാം പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നതായി യുവി വെളിപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K