06 April, 2020 06:04:59 PM
ലൈംഗിക തൊഴിലാളികൾക്കൊപ്പം പാർട്ടി; ലോക്ഡൗൺ ലംഘിച്ച മാഞ്ചസ്റ്റർ സിറ്റി താരം കുടുങ്ങി
ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ ചട്ടങ്ങള്‍ ലംഘിച്ച് ലൈംഗിക തൊഴിലാളികളുമായി പാർട്ടി നടത്തിയ മാഞ്ചസ്റ്റർ സിറ്റിതാരം കൈൽ വാൽക്കർ വിവാദത്തിൽ. നടപടിയിൽ താരം ഖേദം പ്രകടിപ്പിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി അധികൃതർ. രാജ്യമൊന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഈ പ്രവർത്തി ശരിയായില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രസ്താവിച്ചതോടെ, വാൽക്കറിനെതിരെ അച്ചടക്ക നടപടിക്കും വഴിതെളിഞ്ഞു.
ചെഷയറിലെ തന്‍റെ വസതിയിൽ വാൽക്കറും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും പണം നൽകി രണ്ട് ലൈംഗിക തൊഴിലാളികളെ എത്തിച്ച് പാർട്ടി നടത്തിയ വിവരം ബ്രിട്ടനിലെ സൺ ദിനപ്പത്രമാണ് പുറത്തുവിട്ടത്. ക്രിമിനോളജി വിദ്യാർഥിനിയായ 21കാരി എസ്കോർട്ട് ലൂയിസ്, 24 വയസ്സുള്ള ഒരു ബ്രസീലുകാരി എന്നിവരാണ് രാത്രി 10.30ന് വാൽക്കറിന്‍റെ ഫ്ലാറ്റിലെത്തിയത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇരുവരും മടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. ലൂയിസ് പകർത്തിയ വാൽക്കറിന്‍റെ അടിവസ്ത്രം മാത്രം ധരിച്ചുള്ള ചിത്രവും സൺ പ്രസിദ്ധീകരിച്ചു.