24 March, 2020 01:18:57 PM
കോവിഡ് 19: ബ്രസീലിലെ ഫുട്ബോൾ സ്റ്റേഡിയം ഓപ്പൺ എയർ ആശുപത്രിയാക്കുന്നു
സാവോപോളോ: ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ബ്രസീലിലെ പ്രമുഖ പന്തുകളി സ്റ്റേഡിയമായ പക്കാംബു ഓപ്പൺ എയർ ആശുപത്രിയാക്കി മാറ്റുന്നു. 45,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിൽ 200 ലധികം കിടക്കകൾ സ്ഥാപിച്ചുകൊണ്ടാണ് ആശുപത്രിയാക്കി മാറ്റുന്നത്. ഇത് 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർമ്മാണ കരാറുകാർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സ്റ്റേഡിയം ആശുപത്രിയാക്കിമാറ്റുന്നതിന് പിന്തുണയർപ്പിച്ച് നിരവധി ഫുട്ബോൾ ആരാധകരും രംഗത്തെത്തി.
ബ്രസീലിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത നഗരമാണ് സാവോപോളോ. കുടുതൽ പേരിലേക്ക് അസുഖം പടരുന്ന സാഹചര്യത്തിലാണ് മുൻകരുതലിന്‍റെ ഭാഗമായി സ്റ്റേഡിയം ആശുപത്രിയാക്കി മാറ്റാൻ അധികൃതർ പദ്ധതിയിട്ടത്. കഴിഞ്ഞ ദിവസം വരെ ബ്രസീലിൽ കോവിഡ് 19 ബാധിച്ച് 1,600 ൽ അധികം കേസുകളും 25 മരണങ്ങളും സ്ഥിരീകരിച്ചു. 2014 ലോകകപ്പിനായി ബ്രസീലിൽ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും ആശുപത്രിയാക്കി മാറ്റാൻ പ്രാദേശിക ഫുട്ബോൾ അസോസിയേഷനുകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ അവസ്ഥയിൽ രോഗം വ്യാപിച്ചാൽ ഏപ്രിൽ അവസാനത്തോടെ കാര്യങ്ങൾ ദുഷ്ക്കരമാകുമെന്ന് മനസിലാക്കിയതോടെയാണ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഓപ്പൺ എയർ ആശുപത്രികളാക്കി മാറ്റാനുള്ള നിർദ്ദേശം ഉയർന്നത്. ബ്രസീലിലെ എല്ലാ പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളും നിർത്തിവെച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ റോറൈമ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലെ മൂന്ന് മത്സരങ്ങൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അധികൃതർ ഇടപെട്ട് നിർത്തിവെച്ചിരുന്നു.
ഇപ്പോൾ ആശുപത്രിയാക്കി മാറ്റിയ പാകെംബു സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. 1940ൽ ഉദ്ഘാടനം ചെയ്ത പെകെംബു സ്റ്റേഡിയത്തിൽ 1950ലെ ലോകകപ്പ് മത്സരങ്ങൾ നടന്നിട്ടുണ്ട്. പിന്നീട് പ്രാദേശിക മത്സരങ്ങൾക്കും ലീഗ് മത്സരങ്ങൾക്കുമാണ് ഈ സ്റ്റേഡിയം ഉപയോഗിച്ചുവന്നത്.