22 March, 2020 11:53:18 AM
ഡിബാലയ്ക്കും മാള്‍ഡീനിക്കും കൊറോണബാധ സ്ഥിരീകരിച്ചു
മിലാന്‍: ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാലയ്ക്കും മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു.
തന്റെയും കാമുകിയുടെയും പരിശോധനാഫലം പോസറ്റീവാണെന്ന് ഡിബാല തന്നെയാണ് ഇന്‍സറ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍, ഇരുവരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ഡിബാല കുറിച്ചു.
ഡിബാലയ്ക്ക് കൊറോണബാധയുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡിബാല തന്നെ അത് പിന്നീട് നിഷേധിക്കുകയാണുണ്ടായത്.
കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവര്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മുന്‍ ടെന്നിസ് താരം ഗബ്രിയേല സെബാറ്റിനിയുടെ ബന്ധുവും ഗായികയുമാണ് ഡിബാലയുടെ കാമുകി ഒറിയാന സെബാറ്റിനി.
മറ്റൊരു ഇറ്റാലിയന്‍ ക്ലബായ എ.സി.മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടറും ക്യാപ്റ്റനുമായ മാള്‍ഡീനിയുടെയും മകന്‍ ഡാനിയലിന്റെയും പരിശോധനാഫലവും പോസറ്റീവാണെന്ന് ക്ലബ് അറിയിച്ചു. എ.സി.മിലാന്റെ ഒന്നാംനിര ടീമിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പതിനെട്ടാുകാരനായ ഡാനിയല്‍. ഇരുവരും രണ്ടാഴ്ച ഐസൊലേഷനിലായിരുന്നു. അവര്‍ രോഗം ഭേദമാകുന്നതുവരെ ക്വാറന്റൈനില്‍ തുടരുമെന്നും ക്ലബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇറ്റലിയില്‍ മരണംവിതച്ച് കൊറോണ പടര്‍ന്നതോടെ രാജ്യത്തെ കായികമത്സരങ്ങളെല്ലാം ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയായി നാലായിരത്തിഅഞ്ഞൂറിലേറെപ്പേരാണ് കൊറോണ ബാധിച്ച് മരിച്ചത്