13 March, 2020 01:41:19 PM
ഓസ്‌ട്രേലിയന്‍ പേസര്‍ക്ക് കോവിഡ്-19; രോഗലക്ഷണങ്ങളുള്ള താരം നിരീക്ഷണത്തില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണെ കോവിഡ്-19 രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനകള്‍ക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച തൊണ്ട വേദനയും പനിയുടെ ലക്ഷണങ്ങളും ഉണ്ടായതോടെ താരം മെഡിക്കല്‍ സംഘവുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് താരത്തെ പരിശോധനകള്‍ക്ക് വിധേയനാക്കിയ ശേഷം നിരീക്ഷണത്തില്‍ (ക്വാറന്റൈന്‍) വെച്ചിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് അടുത്തിടെയാണ് താരം നാട്ടിലെത്തിയത്. റിച്ചാര്‍ഡ്സണ് തൊണ്ടയിലെ അണുബാധയാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തലെന്നും എങ്കിലും ഗവണ്‍മെന്റ് പ്രോട്ടോകോളിനെ തുടര്‍ന്ന് താരത്തെ 14 ദിവസത്തേക്ക് മറ്റ് ടീം അംഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് അറിയിച്ചു.
റിച്ചാര്‍ഡ്സന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും പരിശോധനകളുടെ ഫലം നെഗറ്റീവായാല്‍ ഉടന്‍ തന്നെ അദ്ദേഹം ടീമിനെപ്പം ചേരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് കൂട്ടിച്ചേര്‍ത്തു. കൊറോണ ഭീതിയെ തുടര്‍ന്ന് ഓസ്‌ട്രേലിയ - ന്യൂസീലന്‍ഡ് ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ ഏകദിനത്തില്‍ റിച്ചാര്‍ഡ്സണ് പകരം സീന്‍ അബോട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്