14 April, 2016 12:01:38 AM
വരള്‍ച്ച ; ഏപ്രില്‍ 30 ന് ശേഷം മഹാരാഷ്‌ട്രയില്‍ ഐപിഎല്‍ മത്സരമില്ല
മുംബൈ : ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മത്സരങ്ങള്‍ വരള്‍ച്ചാ ബാധിത സംസ്‌ഥാനമായ മഹാരാഷ്‌ട്രയില്‍ നിന്നും ബിസിസിഐ മാറ്റുന്നു. ഏപ്രില്‍ 30 ന് ശേഷം മുംബൈ, പൂനെ, നാഗ്‌പൂര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ട മത്സരങ്ങള്‍ പൂര്‍ണ്ണമായും മാറ്റി. ഇതോടെ മെയ് 29 ന് നടക്കേണ്ട ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ മഹാരാഷ്‌ട്രയില്‍ നടക്കില്ല.
ഐപിഎല്ലിലെ പുതിയ ടീമായ റൈസിംഗ് പൂണെ, മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് എന്നിവയുടെ പരസ്യ വരുമാനവും സാമ്പത്തിക നിക്ഷേപങ്ങളും കണക്കിലെടുത്ത് മത്സരങ്ങള്‍ മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് നേരത്തേ ബിസിസിഐ മുംബൈ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നിരുന്നാലും കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഏപ്രില്‍ 30 ന് ശേഷം മത്സരങ്ങളുമായി മുമ്പോട്ട് പോകരുതെന്ന് ഹൈക്കോടതി കര്‍ശന നിലപാടെടുക്കുകയായിരുന്നു.
മറാത്താവാഡ ഉള്‍പ്പെടെ പലയിടങ്ങളും വരള്‍ച്ച കൊണ്ട് കഷ്‌ടപ്പെടുന്ന മഹാരാഷ്‌ട്രയില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി ബിസിസിഐ വന്‍ തോതില്‍ ശുദ്ധജലം പാഴാക്കുന്നത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
പൂനെയിലെ എംസിഎ സ്‌റ്റേഡിയത്തില്‍ മെയ് 25 ന് നടക്കേണ്ട എലിമിനേറ്റര്‍, മെയ് 27 ന് നടക്കേണ്ട രണ്ടാം ക്വാളിഫയര്‍ ഉള്‍പ്പെടെ ഒമ്പതു മത്സരങ്ങളാണ് ഉള്ളത്. കിംഗ് ഇലവന്‍ പഞ്ചാബിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ നാഗ്‌പൂരിലും വിദര്‍ഭാ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലും മൂന്ന് മത്സരങ്ങളുമാണ് നടക്കേണ്ടത്. കഴിഞ്ഞ ശനിയാഴ്‌ച മുംബൈ ഇന്ത്യന്‍സ് പൂണെ സ്‌റ്റാഴ്‌സ് മത്സരം നടന്നത് കോടതി അനുവദിച്ചിട്ടായിരുന്നു.