07 February, 2020 07:48:42 AM
ബാഴ്സലോണയും റയൽ മാഡ്രിഡും കോപ്പ ഡെൽ റേ സെമി കാണാതെ പുറത്ത്
മാഡ്രിഡ്: ബാഴ്സലോണയും റയൽ മാഡ്രിഡും സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിന്റെ സെമിഫൈനൽ കാണാതെ പുറത്ത്. ക്വാർട്ടറിൽ ബാഴ്സലോണയെ അത്ലറ്റിക്കോ ബിൽബാവോ തോൽപ്പിച്ചു. മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ റയൽ സോസിദാദും പരാജയപ്പെടുത്തി.
സാൻ മീംസിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സയെ ബിൽബാവോ കീഴടക്കിയത്. മത്സരത്തിന്റെ അധികസമയത്ത് വീണ സെൽഫ് ഗോളാണ് ബാഴ്സയുടെ വിധിയെഴുതിയത്. 90+3 മിനിറ്റിൽ ബാഴ്സ താരം സെർജിയോ ബുസ്ക്വറ്റ്സിന്റെ പിഴവിലായിരുന്നു ബിൽബാവോയ്ക്ക് ജയം സമ്മാനിച്ച ഗോൾ പിറന്നത്.
റയൽ സ്വന്തം മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ 4-3നാണ് പരാജയപ്പെട്ടത്. സോസിദാദിനായി അലക്സാണ്ടർ ഇസാക്(54,56) ഇരട്ടഗോൾ നേടി. മാർട്ടിൻ ഒർഡേഗാർഡ്(22), മൈക്കൽ മെറീനോ(69) എന്നിവരാണ് സോസിദാദിന്റെ മറ്റു ഗോൾസ്കോറർമാർ. റയലിന് വേണ്ടി മാഴ്സലോ(59), റോഡ്രിഗോ(81), നാച്ചോ(90+3) എന്നിവരാണ് സ്കോർ ചെയ്തത്. കോപ്പ നേടാൻ റയലിന് ഇത് ആറാം വർഷവും സാധിക്കാതിരിക്കുകയാണ്. 2013-2014 സീസണിലാണ് റയൽ അവസാനമായി കിരീടം ഉയർത്തിയത്.