05 February, 2020 04:03:36 PM


ആദ്യ ഏകദിനത്തിൽ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാൻഡ്; ജയം 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ



ഹാമിൽട്ടൻ: ടി20 പരമ്പരയിലെ കനത്ത തോൽവിക്ക് മറുപടിയുമായി ന്യൂസിലാൻഡ്. ആദ്യ ഏകദിനത്തിൽ ഇന്ത്യയെ തകർത്ത് ആതിഥേയരായ ന്യൂസിലാൻഡിന് മികച്ച ജയം. 348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 48.1 ഓവറിൽ ആറ്  വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. റോസ് ടെയ്ലറുടെ സെഞ്ചുറിയും ഹെൻറി നിക്കോൾസിന്റെയും ടോം ലാഥത്തിന്റെയും അർധ സെഞ്ചുറിയുമാണ് ജയം സമ്മാനിച്ചത്. ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് പത്ത് ഓവറിൽ വിട്ടുകൊടുത്തത് 84 റൺസ്.


84 പന്തിൽ നാലു സിക്സും 10 ഫോറും സഹിതം 109 റൺസെടുത്ത് റോസ് ടെയ്ലറും 9 പന്തിൽ 12 റൺസെടുത്ത് മിച്ചൽ സാന്‍റനറും പുറത്താകാതെ നിന്നു. വിക്കറ്റ് നേടിയില്ലെങ്കിലും ബുംറ പത്തോവറിൽ 53 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
റോസ് ടെയ്ലറുടെ ഇന്നിങ്സാണ് കൂറ്റൻ സ്കോർ പിന്തുടർന്ന് ജയിക്കാൻ കീവീസിനെ സഹായിച്ചത്. 73 പന്തിലാണ് റോസ് ടെയ്ലർ 100 കടന്നത്. ഓപ്പണർ ഹെന്റി നിക്കോൾസ് (82 പന്തിൽ 78), ക്യാപ്റ്റൻ ടോം ലാഥം (48 പന്തിൽ 69) എന്നിവരും അർധ സെഞ്ചുറി നേടി. 38 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് ലാഥം ഏകദിനത്തിലെ 16ാം അർധസെഞ്ചുറി കുറിച്ചത്.


ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിൽ (32), അരങ്ങേറ്റ ത്സരം കളിക്കുന്ന ടോം ബ്ലണ്ടൽ (ഒൻപത്), ജെയിംസ് നീശം (14 പന്തിൽ 9), കോളിൻ ഡിഗ്രാന്റ്ഹോം (രണ്ട് പന്തിൽ ഒന്ന് ) എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയ സ്കോർ. ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിലും ഹെൻറി നിക്കോൾസും കിവീസിനെ വിക്കറ്റ് നഷ്ടം കൂടാതെ 85 റൺസിൽ എത്തിച്ചു. എന്നാൽ സ്കോർ 85ൽ നിൽക്കെ ഗപ്ടിലിനെ ഠാക്കൂർ പുറത്താക്കി. 41 പന്തിൽ ഒരു ഫോർ സഹിതം 32 റൺസെടുത്ത ഗപ്ടിലിനെ കേദാർ ജാദവ് ക്യാച്ചെടുത്തു. സ്കോർ 109ൽ നിൽക്കെ അരങ്ങേറ്റ താരം ടോം ബ്ലണ്ടലും പുറത്തായി.


10 പന്തിൽ ഒൻപതു റൺസെടുത്ത ബ്ലണ്ടലിനെ കുൽദീപ് യാദവ് പുറത്താക്കി. പിന്നീട് മൂന്നാം വിക്കറ്റിൽ ഒരുമിച്ച നിക്കോൾസ് -റോസ് ടെയ്‍ലർ സഖ്യം കിവീസ് സ്കോർ മുന്നോട്ടുകുതിക്കുന്നതിനെ വിരാട് കോലിയുടെ ത്രോയിൽ ഹെൻറി നിക്കോൾസ് റണ്ണൗട്ടായി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടെയും ലോകേഷ് രാഹുൽ, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ അർധസെ‍ഞ്ചുറികളുടെയും കരുത്തിൽ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. അവസാന ഓവറുകളിൽ കേദാർ ജാദവ് തകർത്തടിക്കുക കൂടി ചെയ്തതോടെയാണ് ഇന്ത്യൻ സ്കോർ 350ന് അടുത്തെത്തിയത്.


അയ്യർ 107 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 102 റൺസെടുത്തു. കോലി 63 പന്തിൽ ആറു ഫോറുകൾ സഹിതം 51 റൺസെടുത്ത് പുറത്തായപ്പോൾ, രാഹുൽ 64 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 88 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ, 41 പന്തിൽ നാലു സിക്സുകളുടെ അകമ്പടിയോടെയാണ് രാഹുൽ ഏഴാം ഏകദിന അർധസെഞ്ചുറി കുറിച്ചത്. 61 പന്തിൽ ആറു ഫോറുകൾ സഹിതമാണ് കോലിയുടെ 58–ാം ഏകദിന അർധസെ‍ഞ്ചുറി. ജാദവ് 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു.ന്യൂസീലൻഡിനായി ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ 85 റൺസ് വഴങ്ങി.


ഓപ്പണർമാരായെത്തിയ പൃഥ്വി ഷായും മായങ്ക് അഗർവാളും സമ്മാനിച്ച അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ പടുത്തുയർത്താൻ അടിത്തറയേകിയത്. 48 പന്തിൽനിന്നാണ് ഇരുവരും 50 റൺസെടുത്തത്. ഷാ 21 പന്തിൽ മൂന്നു ഫോറുകൾ സഹിതം 20 റൺസെടുത്തും അഗർവാൾ 31 പന്തിൽ ആറു ഫോറുകൾ സഹിതം 32 റൺസെടുത്തും പുറത്തായി. നാലു റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത് കോലിയും അയ്യരും ചേർന്ന് ഇന്ത്യയെ കരകയറ്റി. 120 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്തത് 102 റൺസ്. കോലിക്കു പിന്നാലെയെത്തിയ കെ.എൽ. രാഹുലിനെ കൂട്ടുപിടിച്ച് തകർത്തടിച്ച അയ്യർ സെഞ്ചുറിയും സെഞ്ചുറി കൂട്ടുകെട്ടും തീർത്തതോടെ ഇന്ത്യ അനായാസം 300 കടന്നു.


101 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് അയ്യർ കന്നി ഏകദിന സെഞ്ചുറി കുറിച്ചത്. നേരത്തെ, ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കുമൂലം പുറത്തിരിക്കുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസനു പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ടോം ലാഥമാണ് കിവീസിനെ നയിച്ചത്. ടീം പ്രഖ്യാപനത്തിനുശേഷം ഓപ്പണർമാരായ ശിഖർ ധവാൻ, രോഹിത് ശർമ എന്നിവർക്കു പരുക്കേറ്റതോടെയാണ് അഗർവാളും പൃഥ്വി ഷായും ടീമിൽ ഇടംനേടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K