29 January, 2020 05:38:33 PM


സൂപ്പർ ഓവറിൽ ആവേശ ജയം ; ന്യൂസിലാൻഡ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര



ഹാമിൽട്ടൺ: സൂപ്പർ ഓവറിലേക്ക് നീണ്ട മൂന്നാം ടി20യിൽ ഇന്ത്യക്ക് ആവേശജയം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നേടിയത് 17 റൺസ്. 18 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, അവസാന രണ്ടു പന്തും അതിർത്തി കടത്തി വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ന്യൂസിലാൻഡ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര നേട്ടമാണിത്.


നേരത്തെ 180 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ബാറ്റിങ് മികവിൽ 179 റൺസെടുത്ത് സമനില പിടിച്ചു. അവസാന ഓവറിൽ 9 റൺസ് മാത്രം മതിയായിരുന്നു ന്യൂസിലാൻഡിന് ജയിക്കാൻ. മികച്ച ബൗളിംഗിലൂടെ ഷമി കീവികളെ സമനില കുരുക്കിൽ തളയ്ക്കുകയായിരുന്നു. സൂപ്പർ ഓവറിൽ ഇന്ത്യക്കായി പന്തെറിയാനെത്തിയത്  ബുംറ. ആദ്യ പന്ത് രണ്ടിലും രണ്ട് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാൽ മൂന്നാമത്തെ പന്ത് വില്യംസൺ സിക്സർ പറത്തി.


അടുത്ത പന്തിൽ ഫോർ. അവസാന പന്തിൽ ഗപ്ടിൽ ഫോർ നേടി. ആകെ 17 റൺസ്. രോഹിത് ശർമയും രാഹുലുമാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ടിം സൗത്തിയായിരുന്നു ബൗളർ. ആദ്യ രണ്ട് പന്തിൽ മൂന്ന് റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. മൂന്നാമത്തെ പന്ത് രാഹുൽ വക ഫോർ. നാലാമത്തെ പന്തിൽ സിംഗിൾ. അഞ്ചാം പന്തും ആറാം പന്തും അതിർത്തി കടത്തി രോഹിത് ശർമ ഇന്ത്യക്ക് ജയം സമ്മാനിച്ചു. കാണികൾ ആവേശത്താൽ ആർത്തിളകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K