07 April, 2016 12:15:59 PM


റയലിനെ അട്ടിമറിച്ച് വുള്‍ഫ്സ് ബര്‍ഗ്




വുൾഫ്സ്ബർഗ് : ചാമ്പ്യൻലീഗ് ക്വാർട്ടർ ഫൈനലിൽ ശക്തരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. ആദ്യപാദ മത്സരത്തിൽ ജർമൻ ക്ലബായ വുൾഫ്സ്ബർഗ് ഏകപക്ഷീയമായ രണ്ട് ഗോളിനാണ് റയലിനെ തോൽപ്പിച്ചത്. റികാർഡോ റോഡ്ര്വിഗ്വസും മാക്സിമിലിയൻ ആനൾഡുമാണ് വുൾഫ്സ്ബർഗിൻെറ ഗോളുകൾ നേടിയത്.

സ്പാനിഷ് ലീഗിൽ ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിൻെറ ആത്മവിശ്വാസത്തിലെത്തിയ റയലാണ് വുൾഫ്സ്ബർഗിൻെറ ഹോംഗ്രൗണ്ടിൽ ഇടറിവീണത്.

ഏഴ് മിനിറ്റിനുള്ളിലാണ് ജർമൻ ക്ലബ് രണ്ട് ഗോളുകൾ, പത്ത് തവണ ചാമ്പ്യൻമാരായ റയലിൻെറ വലയിൽ എത്തിച്ചത്. 18ാം മിനിറ്റിലാണ് വുൾഫ്സ്ബർഗിൻെറ ആദ്യ ഗോൾ പിറന്നത്. ആന്ദ്രെ ഷൂളിനെ കാസെമിറോ ഫൗൾ ചെയ്തതിനാണ് വുൾഫ്സ്ബർഗിന് പെനൽറ്റി ലഭിച്ചത്. പെനൽറ്റി എടുത്ത റികാർഡോ റോഡ്രിഗ്വസ് പിഴവില്ലാതെ പന്ത് വലയിൽ എത്തിച്ചു. അടുത്ത ഗോൾ 25ാം മിനിറ്റിൽ പിറന്നു. റയലിൻെറ മോശം പ്രതിരോധമാണ് ഗോളിലെത്തിച്ചത്. ബ്രൂണോ ഹെൻട്രിക് ഒരുക്കിയ അവസരം മാക്സ് ആനൾഡ് ഗോളാക്കുകയായിരുന്നു.

ആദ്യമായാണ് വുൾഫ്സ് ബർഗ് ചാമ്പ്യൻസ്ലീഗിൻെറ ക്വാർട്ടറിൽ മത്സരിക്കുന്നത്. മികച്ച പ്രകടനമാണ് റയലിനെതിരെ ജർമൻ ക്ലബ് പുറത്തെടുത്തത്. പ്രതിരോധത്തിലെ പിഴവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം പ്രകടനവുമെല്ലാം റയലിൻെറ തോൽവിക്ക് കാരണമായി. കരീം ബെൻസെമ ആദ്യപകുതിയിൽ പരിക്കേറ്റ് പുറത്തായതും റയലിന് തിരിച്ചടിയായി. സ്പാനിഷ് ലീഗിൽ ബാഴ്സയെ തോൽപ്പിച്ച ടീമിൻെറ നിഴൽ മാത്രമാണ് ഇന്നലെ വുൾഫ്സ്ബർഗിൽ കളിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K