25 January, 2020 09:53:14 PM
ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി
ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഗോവയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയര്‍ ബ്ലാസ്റ്റേഴ്‌സിന് വീഴ്ത്തിയത്. ഗോവയ്ക്കായി ഹ്യൂഗോ ബോമസ് രണ്ട് ഗോള്‍ നേടി. ജാക്കിചന്ദ് സിങ് ഒരു ഗോള്‍ നേടി. ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചെയും റാഫേല്‍ മെസിബൗളിയുമായണ് വലകുലുക്കിയത്.
ഗോള്‍നില സൂചിപ്പിക്കും പോലെ തന്നെ മികച്ച പോരാട്ടം നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ച് ഒപ്പമെത്തിയിരുന്നു. പിന്നീട് 83-ാം മിനിറ്റിലെ ഗോളില്‍ ഗോവ വിജയം ഉറപ്പിക്കുകയായിരുന്നു.
26-ാം മിനിറ്റില്‍ ഗോവ ആദ്യ വെടി പൊട്ടിച്ചു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് നീട്ടിനല്‍കിയ പന്ത് ഇടതുപാര്‍ശ്വത്തിലൂടെ കുതിച്ചുകയറിയ മന്ദര്‍റാവു ദേശായിയിലേക്ക്. മന്ദര്‍ ബോകിസിനുള്ളിലേക്ക് നീട്ടിയ കിടിലന്‍ ബോളില്‍ ഒന്നു കാല് നീട്ടേണ്ട പണിയേ ഹ്യൂഗോ ബോമസിനുണ്ടായിരുന്നുള്ളു. ഒന്നാന്തരം ടീം ഗോള്‍. ആദ്യഗോളിന് ശേഷവും ഗോവ ആധപത്യം തുടര്‍ന്നു.ഇതിനുഫലം അവര്‍ക്ക് ആദ്യ പകുതി അവസാനിക്കും മുമ്ബ് കിട്ടി.ഇക്കുറി പന്ത് ക്ലിയര്‍ ചെയ്ത് ബ്ലാസ്റ്റേഴ്‌സ് താരത്തിന് പിഴച്ചു. പന്ത് നേരേ കൊറോയിലേക്ക്. അളന്നുമുറിച്ച് കോറോ നല്‍കിയ ക്രോസില്‍ ജാക്കിചന്ദ് കാല് നീട്ടി. പന്ത് ഗോളിലേക്ക് നീങ്ങുമ്‌ബോള്‍ നോക്കിനില്‍ക്കാനെ ടി.പി.രഹനേഷിനായുള്ളു. ആദ്യ പകുതി അവസാനിക്കും മുമ്ബ് രണ്ട് ഗോള്‍ ലീഡില്‍ ഗോവന്‍ മേധാവിത്വം.
രണ്ട് ഗോള്‍ കടത്തില്‍ രണ്ടാം പകുതിയിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ മനസില്‍ പദ്ധതികളേറെയുണ്ടായിരുന്നു. തുടര്‍ച്ചയായി ആക്രമിച്ച ബ്ലാസ്റ്റേഴ്‌സ് 52-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. വലതുവിങ്ങില്‍ നിന്ന് സെത്യാസെന്‍ നല്‍കിയ നല്‍കിയ പാസ് ബോക്‌സിന് മുന്നിലുള്ള ഓഗ്‌ബെച്ചെയിലേക്ക്. കിടിലന്‍ ടച്ചിലൂടെ ബോക്‌സിലേക്ക് കുതിച്ചുകയറിയ മെസിയിലേക്ക്. മെസിയുടെ ഇടങ്കാല്‍ ഷോട്ട് വലകുലുക്കി. വീണ്ടും ആക്രമിച്ച് സമനിലയ്ക്ക് ശ്രമിച്ച ബ്ലാസ്റ്റേഴ്‌സിന് 69-ാം മിനിറ്റില്‍ ആശ്വാസനിമിഷം. സിഡോ എടുത്ത കോര്‍ണര്‍കിക്കില്‍ ഉയര്‍ന്നുചാടി തലവച്ച ഓഗ്‌ബെച്ചെയ്ക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്‌സ് ഒപ്പം.
ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയതോടെ ഗോവ ആക്രമണം ശകതമാക്കി. തുടര്‍ആക്രമണങ്ങളുടെ ഫലമായി 83-ാം മിനിറ്റില്‍ ഗോവ ലീഡ് തിരിച്ചുപിടിച്ചു. മൊറോക്കന്‍ മിഡ്ഫീല്‍ഡ് ജനറല്‍ അഹമ്മദ് ജഹു നല്‍കിയ് നീളന്‍ പന്തില്‍ ബോമസിന്റെ കിടിലന്‍ ഷോട്ട്. ഷോട്ട് തടുക്കുന്നില്‍ രഹനേഷിന്റെ പിഴവും കൂടിച്ചേര്‍ന്ന് പന്ത് വലയിലേക്ക്. ഗോവയ്ക്ക് ആവേശജയവും.