24 January, 2020 03:45:25 PM


ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ചൈനീസ് താരത്തിനു മുന്നില്‍ ഗ്രാന്‍ഡ്സ്ലാം കിരീട സ്വപ്നം തകർന്ന് സെറീന




സിഡ്‌നി: 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന സ്വപ്നം സെറീന വില്യംസിനു മുന്നില്‍ തകര്‍ന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം റൗണ്ടില്‍ എട്ടാം സീഡായ അമേരിക്കന്‍ താരം സെറീന വില്യംസ് 27-ാം സീഡായ ചൈനീസ് താരം വാങ് ക്വിയാങ്ങിനു മുന്നിലാണ് അടിയറവ് പറഞ്ഞത്. 


ആദ്യ സെറ്റ് നഷ്ടമായ ശേഷം സെറീന രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടൈ ബ്രേക്കറിലൂടെ രണ്ടാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം സെറ്റില്‍ വാങ് ക്വിയാങ് തിരിച്ചുവന്നു. സ്‌കോര്‍: 6-4, 6-7(2), 7-5.


നിലവില്‍ അമേരിക്കന്‍ താരത്തിന്റെ അക്കൗണ്ടില്‍ 23 കിരീടങ്ങളുണ്ട്. എന്നാല്‍ 2017 ഓസ്‌ട്രേലിയന്‍ ഓപ്പണു ശേഷം സെറീനയ്ക്ക് കിരീടം നേടാനായിട്ടില്ല. ഇതിനു ശേഷം നാല് ഗ്രാന്‍ഡ്സ്ലാം ഫൈനലിലും സെറീന തോറ്റു. 24 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയാല്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പം സെറീന എത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K