18 January, 2020 09:11:50 PM
പ്രീമിയര്‍ ലീഗില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി വാറ്റ്‌ഫോഡ്, സ്പര്‍സിന് സമനില രക്ഷ
പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോഡിനെ നേരിട്ട മൗറീഞ്ഞോയുടെ സ്പര്‍സിന് ഗോള്‍ രഹിത സമനില നേടാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ അവസാനം കളിച്ച 4 മത്സരങ്ങളില്‍ നിന്ന് കേവലം 2 പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. നിലവില്‍ ലീഗില്‍ 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ് സ്പര്‍സ്.
തോല്‍വിയില്‍ നിന്ന് സ്പര്‍സിനെ രക്ഷിച്ച ഗോളി ഗാസനിഗ ആണ് ഇന്നത്തെ മത്സരത്തില്‍ ഹീറോ ആയത്. രണ്ടാം പകുതിയില്‍ വാറ്റ്‌ഫോഡിന് ലഭിച്ച പെനാല്‍റ്റി തടുത്താണ് സ്പര്‍സ് ഗോളി സ്പര്‍സിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. ട്രോയ് ദീനിയാണ് കിക്ക് എടുത്തത്. മത്സരത്തില്‍ നേരിയ ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മകള്‍ ആണ് സ്പര്‍സിന് വിനയായത്. ഹാരി കെയ്നിന്റെ അഭാവത്തില്‍ ആക്രമണ നിര ഗോള്‍ അടിക്കാന്‍ മറക്കുന്നത് വരും മത്സരങ്ങളിലും സ്പര്‍സിന് തലവേദനയാകും എന്നത് ഉറപ്പാണ്.