16 January, 2020 08:15:15 PM
ഇനി എടികെയും മോഹന്‍ ബഗാനും ഒന്ന്: ലയനം പ്രഖ്യാപിച്ച് ഐഎസ്എല്‍ ക്ലബുകള്‍
കൊല്‍ക്കത്ത: ഐഎസ്എല്‍ ക്ലബായ എടികെയില്‍ ലയിച്ച് മോഹന്‍ ബഗാന്‍. പുതിയ ക്ലബില്‍ എടികെയ്ക്ക് 80 ശതമാനം ഓഹരിയും മോഹന്‍ ബഗാന് 20 ശതമാനം ഓഹരിയുമാണുള്ളത്.2020-21 സീസണിലാവും പുതിയ ക്ലബ് ഐഎസ്എല്ലില്‍ ഇറങ്ങുക. ഐഎസ്എല്ലിന്റേയും ഐലീഗിന്റേയും ഈ സീസണില്‍ രണ്ട് ടീമുകളായി തന്നെയാവും ഇരു ടീമും പോരിന് ഇറങ്ങുക. എടികെയുടേയും മോഹന്‍ ബഗാന്റേയും ബ്രാന്‍ഡ് നെയിമുകള്‍ നിലനിര്‍ത്തും.
പുതിയ ക്ലബിന്റെ പേര് എടികെ മോഹന്‍ ബഗാന്‍ എന്നാവുമെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ രണ്ട് വമ്ബന്‍ ഫുട്ബോള്‍ ക്ലബുകള്‍ ഒന്നിക്കുന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. തന്റെ പിതാവ് ആര്‍പി ഗോയങ്കെ മോഹന്‍ ബഗാനിലെ അംഗമായിരുന്നതിനാല്‍ ഈ ലയനം തനിക്ക് വൈകാരികമായ പുനഃസമാഗമമാണെന്ന് ആര്‍പിഎസ്ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കെ പറഞ്ഞു.