08 January, 2020 05:43:29 PM


യുവ സ്പിന്നര്‍ ക്രിസ് ഗ്രീനിനെ വിലക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയന്‍ യുവ സ്പിന്നര്‍ ക്രിസ് ഗ്രീനിനെ അടുത്ത മൂന്ന് മാസത്തേക്ക് പന്തെറിയുന്നതില്‍ നിന്ന് വിലക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. നിലവില്‍ ഓസ്‌ട്രേലിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിനിടെ ഗ്രീനിന്റെ ബോളിംഗ് ആക്ഷന്‍ സംശാസ്പദമാണെന്ന് അമ്ബയര്‍മാര്‍ പരാതിപ്പെടുകയും തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് സെന്ററില്‍ ഈ മാസം അഞ്ചാം തീയതി നടത്തിയ പരിശോധനയില്‍ താരത്തിന്റെ ബോളിംഗ് ആക്ഷന്‍ നിയമാനുസൃതമല്ലാത്തതാണെന്ന് തെളിയുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്ക്. ബിബിഎല്ലില്‍ സിഡ്‌നി തണ്ടറിന്റെ താരമാണ് ഗ്രീന്‍.


ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ക്രിസ് ഗ്രീന്‍ നിലവില്‍ ഓസ്‌ട്രേലിയന്‍ പൗരനാണ്. അഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരം അടുത്ത് തന്നെ ദേശീയ ടീമിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. അതിനിടയില്‍ വിലക്കെത്തിയിരിക്കുന്നത് താരത്തിന്റെ കരിയറിന് കനത്ത തിരിച്ചടിയാണ്.


അതേ സമയം ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും വലിയ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി ടി20 ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഗ്രീനിനെ കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ താരലേലത്തില്‍ നിന്ന് കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു. 20 ലക്ഷം രൂപയായിരുന്നു ഗ്രീനിനെ ടീമിലെത്തിക്കാന്‍ ലേലത്തില്‍ കൊല്‍ക്കത്ത മുടക്കിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K