07 January, 2020 07:54:04 PM


ദേശീയ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റ്; എം.ജി. കായിക ടീമിന് ഊഷ്മള വരവേൽപ്പ്




കോട്ടയം: ദേശീയ അന്തർസർവകലാശാല അത്‌ലറ്റിക് മീറ്റിൽ മൂന്നാം സ്ഥാനവും വനിത വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ മഹാത്മാ ഗാന്ധി സർവകലാശാല കായികടീമിന് കോട്ടയത്ത് ഊഷ്മള വരവേൽപ്പ്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ കായികതാരങ്ങളെയും ടീം മാനേജർമാരെയും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ എന്നിവർ ചേർന്ന് മധുരവും പൂച്ചെണ്ടും നൽകി സ്വീകരിച്ചു.


ടീം മാനേജർമാരായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ശോശാമ്മ ജോൺ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിമ്മി ജോസഫ്, ടീം വനിത ക്യാപ്റ്റനായ അസംപ്ഷൻ കോളേജിലെ അഞ്ജലി ജോസ്, പുരുഷവിഭാഗം ക്യാപ്റ്റനായ കോതമംഗലം എം.എ. കോളേജിലെ അമൽ ജോസ്, സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് മേധാവി ഡോ. ബിനു ജോർജ് വർഗീസ്, പി.ആർ.ഒ. എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.


കായികതാരങ്ങളുടെ നേട്ടത്തിൽ സർവകലാശാല അഭിമാനിക്കുന്നതായും കായിക വിദ്യാർഥികൾക്ക് എല്ലാ പ്രോത്സാഹനവും നൽകുമെന്നും വൈസ് ചാൻസലർ പറഞ്ഞു. 80 പോയന്റ് നേടിയാണ് എം.ജി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. 47 പോയന്റ് നേടി വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K