05 January, 2020 01:08:20 PM
ന്യൂസിലന്‍ഡ് പര്യടനവും പൃഥ്വി ഷായ്ക്ക് നഷ്ടമായേക്കും
ദില്ലി : കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വി ഷായ്ക്ക് ക്രിക്കറ്റില്‍ അത്ര മികച്ച സമയമല്ല. പരിക്കും, ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങിയതിന്റെ പേരിലുള്ള വിലക്കും മാറി ഇക്കഴിഞ്ഞ മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ താരം ഈ മാസം ന്യൂസിലന്‍ഡ് എ ടീമിനെതിരെ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്ബരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോളിതാ ഈ പരമ്ബരയിലും ഷായ്ക്ക് കളിക്കാനായേക്കില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
കര്‍ണാടയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് ഷായ്ക്ക് പുതിയ തിരിച്ചടി നല്‍കിയിരിക്കുന്നത്. മുംബൈയുടെ താരമായ ഷായ്ക്ക് കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ഓവര്‍ത്രോ സേവ് ചെയ്യുന്നതിനിടെ തോളിനാണ് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പുറത്തായ ഷാ വൈകിട്ട് എം ആര്‍ ഐ സ്‌കാനിങിന് വിധേയനായി. തുടര്‍ന്ന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി താരം തിരിക്കുകയും ചെയ്തു.
അതേ സമയം ന്യൂസിലന്‍ഡ് എ ടീമിനെതിരായ പരമ്ബരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന് കരുതിയിരുന്ന പൃഥ്വി ഷായ്ക്ക് വന്‍ തിരിച്ചടിയാണ് രഞ്ജിയില്‍ സംഭവിച്ച പരിക്ക്. ഈ മാസം പത്താം തീയതിയാണ് ന്യൂസിലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ എ ടീം യാത്ര തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഷാ ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കാനുള്ള സാധ്യതകള്‍ വളരെ വിരളമാണ്.