27 December, 2019 01:27:00 PM
'ഹിന്ദു ആയതിനാല്‍ പാക് ടീമിൽ വിവേചനം നേരിട്ടു'; അക്തർ പറഞ്ഞതു ശരിയെന്ന് കനേരിയ
ലാഹോർ: പാകിസ്ഥാൻ താരമായിരുന്ന തന്നോട് സഹതാരങ്ങൾ വിവേചനപരമായി പെരുമാറിയിരുന്നുവെന്ന ഷൊയ്ബ് അക്തറിന്‍റെ ആരോപണം ശരിവെച്ച് ഡാനിഷ് കനേരിയ. അക്തർ പറഞ്ഞത് ശരിയാണെന്നും, എന്നാൽ ഈ വിഷയം രാഷ്ട്രീയപരമായി ഉപയോഗിക്കരുതെന്നും കനേരിയ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ വിവേചനം കാണിച്ചവരുടെ പേരുകൾ പിന്നീട് പുറത്ത് പറയുമെന്നും കനേരിയ വ്യക്തമാക്കിയത്രേ.
ഹിന്ദുവായതിനാലാണ് കനേരിയ വിവേചനം നേരിട്ടതെന്ന് ഒരു ടി.വി പരിപാടിയിലാണ് അക്തർ ആരോപിച്ചത്. മറ്റ് കളിക്കാർ കനേരിയക്കൊപ്പം ഭക്ഷണം കഴിക്കാൻ തയ്യാറായിരുന്നില്ല. അദ്ദേഹം മികച്ച പ്രകടനം നടത്തിയാലും അപഹസിക്കാറുണ്ടായിരുന്നെന്നും അക്തർ പറഞ്ഞു. ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ് ഡാനിഷ് കനേരിയ. ഒത്തുകളിച്ചതിന് കനേരിയയെ 2012ൽ ആജീവനാന്തം വിലക്കിയിരുന്നു.