25 December, 2019 03:46:04 PM
പരിശീലകനെ ചീത്തവിളിച്ച മുന്‍ ഇന്ത്യന്‍ താരത്തെ രഞ്ജി ട്രോഫിയില്‍ നിന്ന് പുറത്താക്കി
കൊല്‍ക്കത്ത : മുന്‍ ഇന്ത്യന്‍ താരം അശോക് ദിന്‍ഡയെ രഞ്ജി ട്രോഫി കളിയില്‍ നിന്ന് പുറത്താക്കി. ബംഗാള്‍ ടീമിന്റെ ബോളിംഗ് പരിശീലകന്‍ രണദേബ് ബോസിനെ പരിശീലനത്തിനിടെ ചീത്തവിളിച്ചതിനെ തുടര്‍ന്നാണ് ദിന്‍ഡയെ ടീമില്‍ നിന്നും പുറത്താക്കിയത്. ദിന്‍ഡ അച്ചടക്ക ലംഘനം നടത്തിയെന്ന് തെളിഞ്ഞതായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി, താരത്തിനെതിരെ മറ്റ് അച്ചടക്കനടപടികളും പിന്നാലെ പ്രഖ്യാപിക്കുമെന്നാണ് സൂചനയുണ്ട്.
ബംഗാളിന്റെ ബോളിംഗ് പരിശീലകനായ രണദേബ് ബോസും, അശോക് ദിന്‍ഡയും തമ്മില്‍ കഴിഞ്ഞ കുറച്ച് നാളുകളായി സ്വരച്ചേര്‍ച്ചയില്ലായിരുന്നു. പരിശീലനത്തിനിടെ പല തവണ ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബെംഗാള്‍ സഹതാരങ്ങളുടെ മുന്നില്‍ വെച്ച് ദിന്‍ഡ വീണ്ടും രണദേബിനെ അപമാനിക്കുകയായിരുന്നു.ഇതിന് പിന്നാലെ രണദേബ്, ദിന്‍ഡയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഇതാണ് പുറത്താക്കല്‍ നടപടിയിലേക്ക് എത്തിയിരിക്കുന്നത്.
അതേ സമയം ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ദിന്‍ഡയെ ബെംഗാള്‍ ടീമില്‍ നിന്ന് പുറത്താക്കുന്നത്. നേരത്തെ പരിശീലനത്തിന് എത്തുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് മുഷ്താഖ് അലി ട്രോഫിക്കിടെയും ബംഗാള്‍ ടീമില്‍ നിന്ന് ദിന്‍ഡയെ പുറത്താക്കിയിരുന്നു.ഇന്ത്യയ്ക്കായി 13 ഏകദിനവും ഒന്‍പത് ടി20യും കളിച്ചിട്ടുളള താരമാണ് ദിന്‍ഡ. 2013ന് ശേഷം ദിന്‍ഡയ്ക്ക് ഇന്ത്യന്‍ ടീമില്‍ കയറിപറ്റാനായിട്ടില്ല.