22 December, 2019 02:25:04 PM
അലി ഇനി കളിക്കുക വെള്ളിത്തിരയിലല്ല, യഥാര്‍ഥ ജീവിതത്തിലാണ്
മുംബൈ : 2013-ല്‍ റിലീസായ ബോളിവുഡ് ചിത്രം കൈ പോ ചെയിലെ നാണംകുണുങ്ങിയായ പയ്യന്‍ അലിക്ക് ക്രിക്കറ്റ് ഇനി തമാശയല്ല. സിനിമയില്‍ ഗോലി കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന തമാശക്ക് മാത്രം ക്രിക്കറ്റ് കളിക്കുകയും സിക്സ് അടിക്കുകയും ചെയ്തിരുന്ന അലി ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എല്ലില്‍ കളിക്കാന്‍ ഒരുങ്ങുകയാണ്. സുശാന്ത് സിങ്ങ് രജ്പുത് അവതരിപ്പിച്ച ഇഷാന്‍ എന്ന കഥാപാത്രമാണ് അലിയുടെ ക്രിക്കറ്റിലെ കഴിവ് തിരിച്ചറിയുന്നതും അവനെ നിര്‍ബന്ധിപ്പിച്ച് പരിശീലിപ്പിക്കുന്നതും.
അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിഗ്വിജയ് ദേശ്മുഖ് ഏഴു മത്സരങ്ങളില്‍ നിന്ന് ഒമ്ബത് വിക്കറ്റാണ് നേടിയിരിക്കുന്നത്. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ മഹാരാഷ്ട്രക്കായി ഇറങ്ങിയ ദിഗ്വിജയ് രണ്ടാം ഇന്നിങ്സില്‍ 83 റണ്‍സും ആറും വിക്കറ്റും നേടി. ജമ്മു കശ്മീരിനെതിരേ ആയിരുന്നു ഈ പ്രകടനം.
നടന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ദിഗ്വിജയ് പറയുന്നു. ആളുകള്‍ എന്നെ നടന്‍ എന്ന നിലയില്‍ തിരിച്ചറിയുമ്‌ബോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വരും. ക്രിക്കറ്റ് കളിക്കുന്ന ഒരുപാട് സീനുകള്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ കൈ പോ ചെയില്‍ അഭിനയിച്ചത്. നാല് മാസം ഷൂട്ടിങ്ങിനായി മാറ്റിവെച്ചതോടെ അത് എന്റെ പരിശീലനത്തെ ബാധിച്ചു. അത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. പിന്നീട് പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഞാന്‍ അഭിനയിക്കാന്‍ ഇല്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി. അച്ഛനും അമ്മയ്ക്കും എന്റെ കൂടെനിന്നു. ദിഗ്വിജയ് പറയുന്നു.