18 December, 2019 10:42:53 PM


വെസ്റ്റിന്‍ഡീസിനെതിരെ വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് 107 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം



വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരെ വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. രോഹിത് ശര്‍മ്മയുടേയും (159) കെഎല്‍ രാഹുലിന്റേയും (102) സെഞ്ചുറിയും കുല്‍ദീപിന്റെ ഹാട്രിക് പ്രകടനവുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ റണ്‍സിന്റെ വിജയം നല്‍കിയത്. ഇതോടെ മൂന്ന് മത്സര ഏകദിന പരമ്ബരയില്‍ ഒപ്പമെത്താനും ഇന്ത്യക്കായി. 
സെഞ്ചുറി നേടിയ ഓപണര്‍മാരായ രോഹിത് ശര്‍മ്മയും(138 പന്തില്‍ 159) കെ.എല്‍ രാഹുലും(104 പന്തില്‍ 102) ചേര്‍ന്ന് ആദ്യവിക്കറ്റില്‍ നേടിയത് 227 റണ്‍. കോഹ്ലി ഗോള്‍ഡന്‍ ഡക്കായെങ്കിലും ശ്രേയസ് അയ്യരുടേയും (32 പന്തില്‍ 53) പന്തിന്റേയും (16 പന്തില്‍ 39) അവസാന ഓവറുകളിലെ കൂറ്റനടികള്‍ ഇന്ത്യന്‍ സ്‌കോര്‍ 5ന് 387 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു.


രണ്ട് വിക്കറ്റ് നേടിയ കോര്‍ട്ട്‌നെല്‍ ഒമ്ബത് ഓവറില്‍ 83 റണ്ണാണ് വഴങ്ങിയത്. കോര്‍ട്ട്‌നെല്ലിന്റെ പന്തുകള്‍ 12 തവണ ബൗണ്ടറിയിലേക്കും രണ്ട് തവണ സിക്‌സറിലേക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പറത്തുകയും ചെയ്തു. 16 സിക്‌സറുകളാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേടിയത്. രോഹിത് ശര്‍മ്മ(5)യാണ് സിക്‌സറില്‍ മുന്നിലെങ്കില്‍ ശ്രേയസ് അയ്യരും പന്തും നാല് വീതവും ലോകേഷ് രാഹുല്‍ മൂന്നും തവണ പന്ത് നിലം തൊടാതെ ബൗണ്ടറി ലൈന്‍ കടത്തി.


കൂറ്റന്‍ വിജയ ലക്ഷ്യത്തിലെത്താന്‍ വേണ്ട റണ്‍ നിരക്കിലെത്താന്‍ തുടക്കം മുതലേ വിന്‍ഡീസ് കിതച്ചു. കുല്‍ദീപ് യാദവിന്റെ ഹാട്രിക്കും ഷമിയുടെ തുടര്‍ച്ചയായ പന്തുകളിലെ വിക്കറ്റും കൂടിയായപ്പോള്‍ വിന്‍ഡീസ് ബാറ്റ് മടക്കി തോല്‍വി സമ്മതിക്കുകയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും കുല്‍ദീപ് യാദവ് സ്വന്തമാക്കി.


33ാം ഓവറിലെ നാല്, അഞ്ച്, ആറ് പന്തുകളിലായിരുന്നു കുല്‍ദീപിന്റെ വിക്കറ്റ് നേട്ടം. ആദ്യം മടക്കിയത് വിന്‍ഡീസിന്റെ എല്ലാ പ്രതീക്ഷയുമായിരുന്ന ടോപ് സ്‌കോറര്‍ ഷായ് ഹോപ്പിനെ(85 പന്തില്‍ 78). ഡീപ് മിഡ് വിക്കറ്റില്‍ കോലിയുടെ കൈകളില്‍ ഹോപിനെ എത്തിച്ച് കുല്‍ദീപ് ആദ്യ വിക്കറ്റ് നേടി. ജാസന്‍ ഹോള്‍ഡര്‍(11) തൊട്ടടുത്ത പന്തില്‍ കീപ്പര്‍ പന്തിന് ക്യാച്ച് നല്‍കി മടങ്ങി. ജോസഫിന്റെ പന്തില്‍ മുട്ടന്‍ എഡ്‌ജെടുത്ത പന്ത് ജാദവ് പിടികൂടിയപ്പോള്‍ കുല്‍ദീപ് യാദവിന് ഹാട്രിക് നേട്ടവും സ്വന്തമായി.മുപ്പതാം ഓവറിലായിരുന്നു വിന്‍ഡീസ് വിക്കറ്റുവീഴ്ച്ചകളുടെ തുടക്കം. രണ്ട് മൂന്ന് പന്തുകളില്‍ പൂരനേയും(47 പന്തില്‍ 75) കൂറ്റനടിക്കാരന്‍ കീറണ്‍ പൊള്ളാര്‍ഡിനേയും(0) വീഴ്ത്തി ഷമി വിന്‍ഡീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു.ഷമിയും കുല്‍ദീപും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജ രണ്ട് വിക്കറ്റും ശാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും നേടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K