15 December, 2019 12:17:27 PM
ഡയപ്പര്‍ പോലും മാറ്റാത്ത പ്രായം; കയ്യില്‍ ബാറ്റുമായി നില്‍ക്കുന്ന കുട്ടിത്താരത്തെ ടീമിലെടുക്കുമോ ? ചോദ്യം കോഹ്‌ലിയോട്
ദില്ലി : പിച്ചവെച്ച് തുടങ്ങേണ്ട പ്രായം. പക്ഷേ ബാറ്റും കയ്യില്‍ പിടിച്ച് ഫ്രണ്ട് ഫൂട്ടില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുകയാണ് അവന്‍. അവനെ ടീമിലെടുക്കാനാകുമോ എന്ന പീറ്റേഴ്സന്റെ ചോദ്യത്തോടെ കൂട്ടിത്താരം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.
ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഈ കുരുന്നിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ കണ്ണുകളിലേക്ക് എത്തിയപ്പോള്‍ പീറ്റേഴ്സനും അത് ഷെയര്‍ ചെയ്യാതിരിക്കാനാവുന്നില്ല. ഇവനെ ടീമിലെടുക്കാമോ എന്നാണ് കോഹ്‌ലിയോട് പീറ്റേഴ്സന്‍ ചോദിക്കുന്നത്. പീറ്റേഴ്സന്റെ പോസ്റ്റില്‍ പ്രതികരണവുമായി സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡുപ്ലസിസും എത്തി. സാമാന്യ പ്രതിഭയാണ്, എന്നാല്‍ ഒരു വഴിയുമില്ലെന്നായിരുന്നു ഡുപ്ലസിസിന്റെ മറുപടി.
എന്തായാലും ഡയപ്പര്‍ പോലും മാറ്റാത്ത പ്രായത്തില്‍ കയ്യില്‍ ഗ്ലൗസ് അണിഞ്ഞ് കോപ്പിബുക്ക് ഷോട്ടുകള്‍ അനായാസം എന്നോണം ഉതിര്‍ക്കുന്ന ഇന്ത്യന്‍ കുട്ടിത്താരത്തിന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയായി കഴിഞ്ഞു. വൈറലായെങ്കിലും കുട്ടിയെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.