14 December, 2019 12:11:56 PM


ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക് ; തുണയായത് മെസിയുടെ ഹെഡറും പെനാല്‍റ്റിയും



കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും സമനിലക്കുരുക്ക്. ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചടിച്ചതും ഒപ്പമെത്തിയതും.


തുടര്‍പരാജയങ്ങളും സമനിലകളും ദുര്‍ബലമാക്കിയ ഗ്യാലറിക്കുമുന്നില്‍ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നുപോയി. മികച്ച ഒരുപിടി മുന്നേറ്റം പോലും നടത്താനാകാതെ വന്ന ബ്ലാസ്റ്റേഴ്‌സ് , രണ്ടു ഗോള്‍ വീണതോടെ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ മലയാളി താരം സി.കെ.വിനീതിന്റെ ഗോളില്‍ വീണ്ടും പിറകില്‍ പോവുകയായിരുന്നു. എന്നാല്‍ 75-ാം മിനിറ്റിലെ മെസിയുടെ ഹെഡറും 87-ാം മിനിറ്റിലെ പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു.


വിരസമായ ആദ്യ പകുതിക്ക് ശേഷം ഒട്ടും തന്നെ പ്രതീക്ഷ കേരളത്തിലെ ആരാധകര്‍ക്ക് ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് ജംഷ്ഡ്പൂരിന് അനുകൂലമായ കോര്‍ണര്‍ കിക്ക് ലഭിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പകരക്കാരനായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവുമായ സി.കെ.വിനീത് ജംഷ്ഡ്പൂരിന്റെ പ്ലേയിങ് ഇലവനിലെത്തുന്നത്. താരം മൈതാനത്തേക്ക് പ്രവേശിച്ചതുമുതല്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൂവാന്‍ ആരംഭിച്ചു. എന്നാല്‍ 71-ാം മിനിറ്റില്‍ ഫറൂഖ് ചൗധരിയുമായി ചേര്‍ന്ന് വിനീത് നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്‌സിന് ഇരട്ടപ്രഹരമായി. ജംഷ്ഡ്പൂരിന് രണ്ടാം ഗോളും. കൂവിയ അതേകാണികള്‍ താരത്തിനുവേണ്ടി കയ്യടിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി.


രണ്ടു ഗോള്‍ വീണതോടെ സമ്മര്‍ദത്തിലായ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ മറ്റൊന്നും നോക്കാനില്ലായിരുന്നു. 76-ാം മിനിറ്റില്‍ സഹലിന്റെ ഉയര്‍ത്തിയുള്ള പാസ് തലകൊണ്ട് തട്ടി വലയിലെത്തിച്ച് മെസി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവും ആശ്വാസവുമായ ഗോള്‍ നല്‍കി. 87-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം സെയ്ത്യസെന്‍ സിങ്ങിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ പെനാല്‍റ്റി. കിക്കെടുക്കാനെത്തിയ മെസി അതും വലയിലാക്കി ബ്ലാസ്റ്റേഴ്‌സിന് സമനില നല്‍കി.












Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K