13 December, 2019 09:43:34 PM
സംസ്ഥാന വനം കായികമേളയ്ക്ക് തുടക്കം: എണ്ണൂറിലേറെ ജീവനക്കാര്‍ പങ്കെടുക്കുന്നു; 14ന് സമാപനം
തിരുവനന്തപുരം: സംസ്ഥാന വനം വന്യജീവി വകുപ്പിനു കീഴില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വനം കായികമേളയ്ക്ക് കല്ലേക്കുളങ്ങര, റെയില്‍വേ കോളനി, റെയില്‍വേ ഗ്രൗണ്ടില്‍തുടക്കമായി. 26 -ാമത് വനം കായികമേള വനം വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. അര്‍പ്പണബോധവും ആരോഗ്യവുമുള്ള അംഗങ്ങള്‍ ഫോറസ്റ്റ് സേനയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സേനാംഗങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷമതയ്ക്ക് ഇത്തരം മേളകള്‍ അനിവാര്യമാണെന്നും ദേശീയതലത്തില്‍ അടക്കം കേരളത്തിലൈ ഫോറസ്റ്റ് സേന മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രളയഘട്ടത്തില്‍ വനത്തോട് ചേര്‍ന്ന് താമസിച്ചിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും മുന്നില്‍നിന്ന ഫോറസ്റ്റ് സേനയെ മന്ത്രി കെ. രാജു അഭിനന്ദിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി മന്ത്രി പതാക ഉയര്‍ത്തി. വിവിധ ഫോറസ്റ്റ് സര്‍ക്കിളുകളുടെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ജനുവരിയില്‍ റായ്പൂരില്‍ നടന്ന ദേശീയ വനം കായിക മേളയിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ. ശാന്തകുമാരി അധ്യക്ഷയായി. വി കെ ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയായി. മുഖ്യാതിഥിയായ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ ദീപശിഖപ്രയാണത്തിന് നേതൃത്വം നല്‍കി. നീതിപൂര്‍വമായ മത്സരം കാഴ്ച വെക്കുമെന്ന് സേനാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഫോറസ്റ്റ് സേനാവിഭാഗം മേധാവി പി. കെ. കേശവന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ചീഫ് കണ്‍സര്‍വേറ്റര്‍ പി. പി. പ്രമോദ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.പ്രീത, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ വര്‍മ്മ, രാജേഷ് രവീന്ദ്രന്‍, ബി എന്‍ അഞ്ജന്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു.
റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട്, റെയില്‍വേ ഗ്രൗണ്ട്, അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിംഗ് കോളേജ്, ഹേമാംബിക നഗര്‍ കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലും കോസ്‌മോ പൊളിറ്റന്‍ ക്ലബ്, മാധവരാജാ ക്ലബ്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിനു പുറമെ നീന്തല്‍ മത്സരങ്ങള്‍ എട്ടിമട അമൃത വിദ്യാലയത്തിലാണ് നടത്തിയത്. വനം വകുപ്പിന്റെ സെന്‍ട്രല്‍, സതേണ്‍, ഈസ്റ്റേണ്‍, നോര്‍ത്തേണ്‍, ഹൈറേഞ്ച് സര്‍ക്കിളുകള്‍ക്ക് പുറമെ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുമുള്ള എണ്ണൂറിലേറെ ജീവനക്കാരാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സമാപനം ഡിസംബര്‍ 14ന് വൈകുന്നേരം നാലിന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.