10 December, 2019 05:00:46 PM
ഏകദിന ടീമിലും സഞ്ജുവിന് സാധ്യത; ധവാന്‍റെ പരുക്ക് ഭേദമായില്ല
ബംഗളൂരു: ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായതിനുശേഷം രാജ്യാന്തര ട്വന്‍റി 20യില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുന്ന മലയാളി താരം സഞ്ജു സാംസണ് കരിയറിലാദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം കിട്ടുമോ?
വിവിധ ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടംപിടിച്ചേക്കും. ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പരുക്കു ഭേദമാകാത്ത സാഹചര്യത്തിലാണിത്.
ഇക്കുറി പക്ഷേ, സഞ്ജുവിനു മുന്നില്‍ മത്സരം കടുത്തതാണ്. ടെസ്റ്റില്‍ മികച്ച ഫോമിലുള്ള കര്‍ണാടക താരം മായങ്ക് അഗര്‍വാള്‍, ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ യുവതാരം പഞ്ചാബ് താരം ശുഭ്മാന്‍ ഗില്‍,
ഉത്തേജക വിവാദത്തെ തുടര്‍ന്ന് വിലക്കിനുശേഷം കളത്തിലേക്ക് തിരികെയെത്തി ഫോം പ്രകടമാക്കിയ മുംബൈ താരം പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുകളും ധവാന്‍റെ പകരക്കാരനാകാനുള്ള ചര്‍ച്ചകളില്‍ സജീവമാണ്. സഞ്ജു ടീമിനൊപ്പം തുടരുന്ന കാര്യത്തില്‍ സിലക്ടര്‍മാര്‍ക്ക് എതിര്‍പ്പില്ലെങ്കിലും, ധവാനു പകരം മറ്റൊരു ഓപ്പണറെ പരീക്ഷിക്കണോ എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍.
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി 20, ഏകദിന ടീമുകളില്‍ സിലക്ടര്‍മാര്‍ ശിഖര്‍ ധവാനെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇടയ്ക്ക് ഫോം നഷ്ടമായതിനെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ ധവാന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കായി കളിക്കുമ്പോഴാണ് പരുക്കേറ്റത്.
ഇടതു കാല്‍മുട്ടിലായിരുന്നു പരുക്ക്. ബംഗ്ലദേശിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ അവസരം ലഭിക്കാതെ ടീമിനു പുറത്തായ സഞ്ജു സാംസണ് വീണ്ടും ടീമിലേക്ക് വിളിയെത്തിയത് ഈ സാഹചര്യത്തിലാണ്.