10 December, 2019 04:13:33 PM
മത്സരത്തിനിടെ കുഞ്ഞിനെ മുലയൂട്ടുന്ന വോളിബോള്‍ താരത്തിന്റെ ചിത്രം വൈറലാകുന്നു
ഐസ്വാള്‍: മത്സരത്തിനിടെ വോളിബോള്‍ താരം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മിസോറാമിലെ ഒരു വോളിബോള്‍ താരമാണ് മിസോറാം സംസ്ഥാന ഗെയിംസില്‍ വോളിബോള്‍ മത്സരത്തിന്റെ ഇടവേളയില്‍ കുഞ്ഞിനെ മുലയൂട്ടിയത്.നിങ്ലൂണ്‍ ഹംഗല്‍ എന്നയാളാണ് ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
ഏഴുമാസം പ്രായമായ കുട്ടിയെ മൂലയൂട്ടുന്നതിനായി കളിക്കളത്തില്‍ നിന്ന് അല്‍പ്പസമയം ഇടവേളയെടുത്തായിരുന്നു കുഞ്ഞിനെ മുലയൂട്ടിയത്. ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ ആയിരങ്ങളാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. താരത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് എത്തിയവരും ധാരാളം.
ഒരേ സമയം കായികതാരത്തിന്റെയും മാതൃത്തിന്റെ ഉത്തരവാദിത്തം കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ട കായിക മന്ത്രിയും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി.