09 December, 2019 06:32:44 AM
തെലുങ്കാനയിലെ പോലീസ് വെടിവെയ്പ്പ് യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താനോ? ദുരൂഹതയേറുന്നു...
കോട്ടയം: ഹൈദരാബാദില്‍ പോലീസ് വെടിവെച്ചുകൊന്ന പീഡനക്കേസിലെ പ്രതികളാണ് ഇന്ന് രാജ്യത്തെമ്പാടും ചര്‍ച്ച. പോലീസിന്‍റെ ഈ നടപടിയില്‍ അഭിമാനം കൊണ്ടും അനുകൂലിച്ചും നല്ലൊരു ശതമാനം ജനങ്ങളും മുന്നോട്ട് പോകുമ്പോള്‍ സംഭവത്തില്‍ ദുരൂഹത ഇല്ലേ എന്ന് സംശയിക്കുന്നവരുടെ എണ്ണവും ചില്ലറയല്ല. കുറ്റാന്വേഷണ ചുമതല മാത്രം പോലീസിന് ഉള്ളപ്പോള്‍ ജുഡീഷ്യറിയുടെ അധികാരം കൂടി കയ്യിലെടുത്തത് വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാലിവിടെ സംശയം അതല്ല. എന്തിനാണ് പോലീസ് ഇങ്ങനൊരു കൃത്യത്തിന് മുതിര്‍ന്നത്?
സംശയങ്ങള്‍ ഇങ്ങനെ പോകുന്നു. വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെടേണ്ടത് മറ്റാരുടെയെങ്കിലും ആവശ്യമായിരുന്നിരിക്കാം. അതവര്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. പ്രതികളായി പിടിക്കപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നോ എന്നും ആര്‍ക്കും അറിഞ്ഞുകൂടാ. ആണെങ്കില്‍ തന്നെ ഇവര്‍ കോടതിയില്‍ എത്തുമ്പോള്‍ സത്യം വിളിച്ചുപറഞ്ഞാല്‍ ചിലപ്പോള്‍ കുടുങ്ങുന്നത് കാണാമറയത്തിരിക്കുന്ന ചില മാന്യന്മാരാകാം. അതിനുളള വഴി സത്യം കോടതിയിയുടെ മുന്നില്‍ വെളിപ്പെടാതിരിക്കുക എന്നത് മാത്രം. ആ ലക്ഷ്യം നിറവേറ്റാനായി കൂടെ സിനിമയില്‍ കണ്ടുവരുന്ന പോലെ പ്രതികളായി പിടിക്കപ്പെട്ടവരെ കൂടി ഭൂമിയില്‍ ഇല്ലാതാക്കുക എന്നത്.
പോലീസിനെ ന്യായീകരിക്കുന്നതോടൊപ്പം ഒട്ടനവധി ആളുകള്‍ തങ്ങളുടെ സംശയങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് കോണ്‍ഗ്രസ് നേതാവായ നിസാം സയിദിന്‍റേത്. അക്ഷരനഗരിയായ കോട്ടയത്ത് നടന്ന സംഭവവുമായി കൂട്ടിയിണക്കിയാണ് ഹൈദരാബാദ് സംഭവത്തിലുള്ള ദുരൂഹത നിസാം തുറന്ന് കാട്ടുന്നത്.
നിസാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
"കുറെ വർഷങ്ങൾക്കുമുൻപ് കോട്ടയത്ത് റയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി കൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ടു. പ്രതികളെ പിടിക്കാൻ കാലതാമസം ഉണ്ടായപ്പോൾ സ്വാഭാവികമായും ജനകീയ രോഷം ഉയർന്നു. പെട്ടെന്ന് പോലീസ് ഒരു പ്രതിയുമായി രംഗത്തുവന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷെ കേസ് കോടതിയിലെത്തിയപ്പോൾ കൂരമായ മർദ്ദനത്തെ തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും യഥാർത്ഥ പ്രതികളെ പോലീസ് രക്ഷപെടുത്തിയെന്നും കോടതി കണ്ടെത്തി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പ്രതിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. പോലിസ് നീതിനിർവഹണം നടത്തിയിരുന്നെങ്കിൽ ആ നിരപരാധിയെ വെടിവെച്ചുകൊന്നേനെ.
ഹൈദരാബാദിൽ വെടിവെച്ചു കൊല്ലപ്പെട്ട പ്രതികൾ യഥാർത്ഥ കുറ്റവാളികളായിരുന്നോ അതോ ജനവികാരം അടക്കാൻ പോലിസ് പെട്ടെന്ന് തപ്പിയെടുത്തവരായിരുന്നോ എന്നും നമുക്കറിയില്ല. ഇനി അറിയാനും പോവുന്നില്ല. ഇത്തരം സത്യങ്ങൾ ശരിയായി അറിയുന്നതിനു വേണ്ടിയാണ് നമ്മുടെ ഭരണഘടന കുറ്റാന്വേഷണ ചുമതല പോലീസിനും നീതിനിർവഹണം ജുഡീഷ്യറിക്കുമായി കൃത്യമായി വിഭജിച്ചു നൽകിയിരിക്കുന്നത്. പോലീസ് എല്ലാ ഘട്ടത്തിലും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥമായ സർകാർ സംവിധാനമാണ്. പോലിസ് നിയമം കയ്യിലെടുക്കുമ്പോൾ ആക്രമിക്കപ്പെടുന്നത് ഭരണഘടനയാണ്. അത്തരം പ്റവർത്തികളെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്നവർ സ്വന്തം ജനാധിപത്യവിരുദ്ധതയാണ് പ്രദർശിപ്പിക്കുന്നത്."
നിസാമിന്‍റെ ഈ കുറിപ്പിനും ഇത്തരം സംശയങ്ങള്‍ ബലപ്പെടുത്തുന്ന രീതിയിലുള്ള കമന്‍റുകള്‍ ലഭിക്കുന്നുണ്ട്. അതിലൊന്നിങ്ങനെ.
"ആ ക്രിമിനലുകൾ പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടായിരിക്കാം, എന്നാൽ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്. അതിൽ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകൾ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകൾക്കുള്ള പരിഹാരം കാണേണ്ടത് കയ്യിൽക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല. ഇപ്പോൾ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടൽ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യൻ പോലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യിൽ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാർത്ഥത്തിൽ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു."