19 June, 2020 08:53:36 PM
'യതീഷ് ചന്ദ്ര ഫാൻസെ'ന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പേജ്; യുവതിയെ അപമാനിച്ചയാൾക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേര് ഉപയോഗിച്ച് ഫേസ്ബുക്ക് പേജ് ഉണ്ടാക്കി യുവതിയെ അപമാനിച്ച സംഭവത്തിൽ പാലക്കാട് കയരാടി സ്വദേശി ജിബിൻ ബിജുവിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യതീഷ് ചന്ദ്ര ഐ.പി.എസ്. ഫാൻസ് എന്ന പേരിലാണ് ജിബിൻ ബിജു ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയത്. പിന്നീട് ഈ ഗ്രൂപ്പിൽ പരാതിക്കാരിയായ സ്ത്രീ ഉൾപ്പെടെ നിരവധി പേരെ അംഗങ്ങളാക്കി .
ഇതിലെ അംഗങ്ങൾക്കായി തുടർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പിനും രൂപം നൽകി. പരാതിക്കാരിയെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം വിവാഹം കഴിക്കട്ടെ എന്ന് ആരാഞ്ഞു. ഇതിനായി 10,000 രൂപ ആവശ്യപ്പെട്ട് യുവതിയെ ഗ്രൂപ്പിൽ അപകീർത്തിപ്പെടുത്തി. ഐ.പി.സി. 469 വകുപ്പും കെ.പി. ആക്റ്റിലെ 120 (O) വകുപ്പ് പ്രകാരവുമാണ് കേസ്.
സമാനമായ രീതിയിൽ പ്രമുഖ വ്യക്തികളുടെ പേരിൽ അവരറിയാതെ നിരവധി ഫേസ്ബുക്ക് പേജുകൾ നിലവിലുണ്ട്. ഇതു കൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും വഴി പലരെയും വഞ്ചിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിൽ പെട്ട് പൊതുജനങ്ങൾ കബളിപ്പിക്കപ്പെട്ടാൻ ഇടയുള്ളതിനാൽ, എല്ലാവരും ശ്രദ്ധ പുലർത്തണമെന്നും കണ്ണൂർ ജില്ലാ പോലീസ് മുന്നറിയിപ്പ് നൽകി.