30 September, 2023 10:55:44 AM
എഐ സംവിധാനം വഴി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച് ഭീഷണി; 14 കാരന്‍ പിടിയില്‍
വയനാട്: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സംവിധാനം വഴി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച 14 കാരൻ പിടിയിലായി. വയനാട് സൈബര്‍ പൊലീസിന്‍റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ പിടിയിലായത്. ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയില്‍ നിന്നും സ്കൂള്‍ ഗ്രൂപ്പുകളില്‍ നിന്നുമാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തിരുന്നത്. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രചരിപ്പിച്ചത്.
വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റുബോട്ടുകളും ദുരുപയോഗം ചെയ്താണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇങ്ങനെ ചെയ്താല്‍ പിടിക്കപ്പെടില്ലെന്നായിരുന്നു വിദ്യാര്‍ഥിയുടെ കണക്കുകൂട്ടല്‍. നിരവധി ഐപി വിലാസങ്ങള്‍ പരിശോധിച്ചും, ഗൂഗിള്‍, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളില്‍ നിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങളുപയോഗിച്ചുമാണ് വിദ്യാര്‍ഥിയെ പൊലീസ് കണ്ടെത്തിയത്.