20 October, 2023 06:40:27 PM
ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പൊലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം
തിരുവനന്തപുരം: ലൈംഗികദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിപ്പെടുത്തലുകതളെ നേരിടാൻ പ്രത്യേക സംവിധാനമൊരുക്കി പൊലീസ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനുള്ള വാട്സാപ്പ് നമ്പർ ഉപയോഗിക്കാവുന്നതാണ്. 9497980900 എന്ന വമ്പരിലാണ് അറിയിക്കേണ്ടത്.
ബ്ലാക് മെയിലിങ്, മോർഫിങ് തുടങ്ങിയ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഇതേ വാട്സാപ്പ് നമ്പരിൽ അറിയിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്.പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആവശ്യമാണെങ്കിൽ പൊലീസ് തിരിച്ചുവിളിച്ച് കൂടുതൽ വിവരങ്ങൾ ചോദിക്കും.
ഓൺലൈൻ ആപ്പുകൾ വഴി പണം വായ്പയെടുക്കുന്നവർ തിരിച്ചടവ് മുടക്കിയാൽ ഇത്തരം ഭീഷണികൾ വരുന്നത് പതിവായിരിക്കുകയാണ്. ഫോണിൽ നിന്ന് ഉപയോക്താവിന്‍റെ ചിത്രങ്ങൾ ശേഖരിച്ച് അതിൽ മുഖം മോർഫ് ചെയ്ത് ഫോണിലെ ഇതര കോൺടാക്ടുകളിലേക്ക് അയയ്ക്കുകയാണ് ഇവർ ചെയ്യുക. ഇങ്ങനെ അയയ്ക്കുമെന്ന ഭീഷണിയിൽ കുടുങ്ങി പലരും വായ്പയെടുത്തതിലും പല ഇരട്ടി തുക ആപ്പുകൾക്ക് അയച്ചുകൊടുക്കും. ഇത്തരം കേസുകൾ വർദ്ധിക്കുകയും, ഇതുമായി ബന്ധപ്പെട്ട ആത്മഹത്യകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.