14 November, 2023 12:59:57 PM


ശിശുദിനത്തില്‍ അവള്‍ക്ക് നീതി; സന്തോഷകരമായ വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ



ആലുവ: ശിശുദിനത്തില്‍ ജനമനസ് ആഗ്രഹിച്ച വിധി വന്നു. ആലുവയിലെ 5 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് (28) വധശിക്ഷ ലഭിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍, സംഭവം നടന്ന് 110-ാം ദിവസമാണു ശിക്ഷ വിധിക്കുന്നത്. പോക്സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നതെന്നും ശ്രദ്ധേയം. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍റേതാണ് വിധി.

മിഠായി കാണിച്ചും ജ്യൂസു കൊടുത്തും വിടരും മുന്നേ പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കിയ ക്രൂരന്‍ ശിശുദിനത്തിൽ തന്നെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് സന്തോഷകരമായ വാർത്തയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന സന്ദേശങ്ങളിലൂടെ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. അവൾക്ക് നീതി കിട്ടി. ശിശു ദിനത്തിലെ സന്തോഷം. ആഗ്രഹിച്ചിരുന്ന വിധി. കൊലക്കയറിൽ തീരട്ടെ എന്നിങ്ങനെ സമൂഹ മാധ്യമങ്ങളിൽ നിരവധി കുറിപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇനിയൊരു കുഞ്ഞിന്‍റെയും ജീവന്‍ പൊലിയാതിരിക്കാന്‍ അസഫാക്കിന്‍റെ വിധി ഓര്‍മ്മയിലിരിക്കട്ടെയെന്നും ആളുകള്‍ പങ്കുവെക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K