25 October, 2023 08:49:33 AM


സമൂഹമാധ്യമത്തില്‍ അനുചിതമായി പെരുമാറി: കുവൈത്തില്‍ 31 പേര്‍ അറസ്റ്റില്‍



കുവൈത്ത് സിറ്റി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ അശ്രദ്ധമായും അനുചിതമായും പെരുമാറിയതിന് 31 പേരെ അറസ്റ്റുചെയ്തു. ഈ വര്‍ഷം ഒക്ടോബര്‍ 23 വരെ അറസ്റ്റിലായവരുടെ കണക്കാണിത്. ജനറല്‍ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാര്‍ട്മെന്‍റ്, ഇലക്‌ട്രോണിക് ക്രൈം കോംബാറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേനയാണ് അറസ്റ്റ്.

അശ്രദ്ധയെ പ്രോത്സാഹിപ്പിക്കുന്നതും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതും ട്രാഫിക് നിയമങ്ങള്‍ മനഃപൂര്‍വം ലംഘിക്കുന്നതുമായ ഉള്ളടക്കം ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തു.

സമൂഹമാധ്യമങ്ങളെ ഇലക്‌ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാര്‍ട്മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫര്‍മേഷൻ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന അക്കൗണ്ടുകള്‍ ട്രാക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഓണ്‍ലൈൻ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സുരക്ഷാ അധികാരികളുമായി സഹകരിക്കാൻ അധികൃതര്‍ ഉണര്‍ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K