22 September, 2023 09:06:30 AM


സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവ് പിടിയിൽ



തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയും കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റുമായ അബിൻ കോടങ്കരയെ (27) ആണ് സിറ്റി സൈബർ പൊലീസ് അറസ്‍റ്റ് ചെയ്തത്.

എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്‍റെ ഭാര്യ ഹര്‍ഷ ബിജു, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാര്‍ എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഫേസ്ബുക്കിൽ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയത്. 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഐഡിയിൽ നിന്നാണു ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അബിനാണ് ഇതു തയാറാക്കിയതെന്ന് സൈബർ പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. ഇടതുവനിതാ നേതാക്കൾക്കെതിരെ ഇതേ പ്രൊഫൈലിൽനിന്നു പ്രചാരണം നടത്തിയിരുന്നതായും സൈബർ പൊലീസ് കണ്ടെത്തി.

കഴിഞ്ഞയാഴ്ചയാണ് കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗീകാതിക്രമത്തിനുള്ള ആഹ്വാനവുമായി പോസ്റ്റുകളിട്ടത്. പൊലീസില്‍ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാള്‍ അശ്ലീല പോസ്റ്റുകളിടുന്നത് തുടരുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് പേജ് പൂട്ടിച്ചിരുന്നു. 

തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പാറശാലയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K