03 August, 2023 01:47:43 PM
യൂട്യൂബ് നോക്കി കുപ്പികൾ കെട്ടിവെച്ച് നീന്താൻ ഇറങ്ങി; പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
തൃശൂർ: യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ പതിനഞ്ചുകാരൻ മുങ്ങിമരിച്ചു. തൃശൂർ ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ(15) ആണ് മരിച്ചത്. യൂട്യൂബിൽ കണ്ടതുപോലെ ശരീരത്തിൽ കുപ്പികൾ കെട്ടിവെച്ച് കുളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. സ്കൂൾ വിട്ടുവന്ന ഇസ്മയിൽ നീന്തൽ പഠിക്കാനായാണ് പഞ്ചായത്ത് കുളത്തിൽ ഇറങ്ങിയത്. ശരീരത്തിൽ കുപ്പികൾ കെട്ടിവെച്ചാൽ നീന്തൽ അനായാസമാകുമെന്ന് യൂട്യൂബ് ചാനലിൽ കണ്ടാണ് ഇസ്മയിൽ കുളത്തിൽ ഇറങ്ങിയത്.
വെള്ളത്തിൽ ഇറങ്ങിയ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും, തുടർന്ന് അഗ്നിരക്ഷാസേന എത്തി കുട്ടിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് വാഹനത്തിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്.