20 June, 2020 03:46:47 PM
മുല്ലപ്പള്ളിയെകൊണ്ട് സോണിയ മാപ്പ് പറയിക്കണം; ആരോഗ്യമന്ത്രിക്ക് പിന്തുണയേകി ശോഭാ സുരേന്ദ്രന്‍

കൊച്ചി: കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള വിഷയത്തില്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു എന്നതിനൊപ്പം പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു. മുല്ലപ്പള്ളി മാപ്പു പറയണമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ തന്‍റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ.
"ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം."