24 November, 2023 07:55:31 PM


സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: ബൃന്ദ കാരാട്ട്‌ പരാതി നൽകി



തിരുവനന്തപുരം: നവകേരളസദസുമായി ബന്ധിപ്പിച്ച് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുന്‍ പാര്‍ലമെന്റ് അംഗവും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീര്‍ത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

'കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും' താന്‍ പറഞ്ഞതായാണ് കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ വസ്തുതാ വിരുദ്ധവും തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിര്‍മിച്ചതുമാണ്. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. താന്‍ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍കൂടി ലക്ഷ്യമിട്ടുള്ളതാണ് ഇത്. ബോധപൂര്‍വമുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടി സ്വീകരിക്കമെന്നും ബൃന്ദ പരാതിയില്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K