09 December, 2019 03:03:57 AM


ദേശീയ സീനിയര്‍ വനിതാ ബോക്‌സിങ്‌: റെയില്‍വേയ്‌ക്ക് കിരീടം; കേരളത്തിന്‍റെ ഇന്ദ്രജയ്‌ക്കു വെള്ളി മാത്രം



കണ്ണൂര്‍: നാലാമത്‌ ദേശീയ സീനിയര്‍ വനിതാ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയ്‌ക്കു കിരീടം. ആറു സ്വര്‍ണവുമായാണ്‌ അവര്‍ കിരീടമുറപ്പിച്ചത്‌. നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയ്‌ക്ക് ഒരു സ്വര്‍ണം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. 75 കിലോ വിഭാഗം ഫൈനലില്‍ കേരളത്തിന്‍റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന കെ.എ. ഇന്ദ്രജ തോറ്റു. മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളുടെ ആവേശത്തിമിര്‍പ്പിലാണ്‌ ഫൈനല്‍ മത്സരങ്ങള്‍ നടന്നത്‌.


ആദ്യ മത്സരത്തില്‍ ഓള്‍ ഇന്ത്യാ പോലീസിലെ കെ. ബീനാദേവിയെ ഇടിച്ചിട്ട്‌ റെയില്‍വേയുടെ മോണിക്ക ജൈത്ര യാത്രയ്‌ക്കു തുടക്കമിട്ടു. തൊട്ടടുത്ത മത്സരത്തിലും റെയില്‍വേ ടീമിനായിരുന്നു ജയം. 51 കിലോ വിഭാഗത്തില്‍ ജ്യോതി, ഹരിയാനയുടെ റിതു ഗ്രേവാളിനെ തോല്‍പ്പിച്ചു. ആവേശം നിറഞ്ഞ മൂന്നാംമത്സരത്തില്‍ റെയില്‍വേയ്‌ക്ക് അടിപതറി. ഓള്‍ ഇന്ത്യാ പോലീസിലെ എം. മീനാകുമാരി ദേവിയോടു മീനാക്ഷി തോറ്റു. തൊട്ടടുത്ത മത്സരത്തില്‍ റെയില്‍വേയുടെ സോണിയ ഹരിയാനയുടെ സാക്ഷിയെ പരാജയപ്പെടുത്തി.


തുടര്‍ന്ന്‌ നടന്ന മത്സരങ്ങളില്‍ റെയില്‍വേയുടെ പവിത്ര, വിലാവോ ബസ്‌മതാരി, ഭാഗ്യബതികച്ചാരി എന്നിവര്‍ സ്വര്‍ണം നേടി. സാഷി ചോപ്ര (ഹരിയാന), അങ്കുഷിത ബോറോ(അസം), ഷൈലി സിങ്‌ (യു.പി) എന്നിവരാണു വെള്ളി നേടിയത്‌. കെ.എ.ഇന്ദ്രജ ഹരിയാനയുടെ നൂപുറിനോടാണു തോറ്റത്‌. 75 കിലോ വിഭാഗം മത്സരത്തില്‍ 4-1 പോയന്റിനാണ്‌ നൂപുര്‍ വിജയിച്ചത്‌. കാണികളുടെ മുഴുവന്‍ പിന്തുണയും ലഭിച്ചെങ്കിലും ഹരിയാന താരത്തിന്റെ മികവിനു മുന്നില്‍ ഇന്ദ്രജയ്‌ക്കു പിടിച്ചുനില്‍ക്കാനായില്ല. റെയില്‍വേയുടെ ജ്യോതിയെ (51 കിലോ) മികച്ച ബോക്‌സര്‍ ആയി തെരഞ്ഞെടുത്തു. 


ഒരു സ്വര്‍ണവും നാല്‌ വെള്ളിയും രണ്ട്‌ വെങ്കലവും നേടി കഴിഞ്ഞ സീസണിലെ ചാമ്പ്യനായ ഹരിയാന രണ്ടാമതായി. രണ്ട്‌ സ്വര്‍ണവും ഒരു വെള്ളിയും നാല്‌ വെങ്കലവും നേടിയ ഓള്‍ ഇന്ത്യാ പോലീസാണ്‌ മൂന്നാം സ്‌ഥാനത്ത്‌. ആരോഗ്യവകുപ്പു മന്ത്രി ശൈലജ ജേതാക്കള്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചലച്ചിത്ര താരം ഹണി റോസ്‌ മുഖ്യാതിഥിയായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K