08 December, 2019 10:39:25 PM
കൈവിട്ട ക്യാച്ചുകളില്‍ തിരിച്ചടി: വിൻഡീസ് വെടിക്കെട്ടിന് മുന്നില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് തോൽവി
തിരുവനന്തപുരം: വിൻഡീസ് ബാറ്റ്സ്മാൻമാർ ആഞ്ഞടിച്ചപ്പോൾ മറുപടിയില്ലാതെ ഇന്ത്യൻ ബൌളർമാർ. രണ്ടാം ടി20യിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം വിൻഡീസ് 9 പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടന്നു. പുറത്താകാതെ 67 റൺസെടുത്ത ലെൻഡിൽ സിമ്മൻസും 40 റൺസെടുത്ത എവിൻ ലൂയിസുമാണ് കരീബിയൻ നിരയിൽ തിളങ്ങിയത്. ഹെറ്റ്മെയർ 23 റൺസും നിക്കോളാസ് പുരാൻ പുറത്താകാതെ 38റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴിന് 170 റൺസെടുക്കുകയായിരുന്നു. 54 റൺസെടുത്ത ശിവം ദുബെയും 31 റൺസെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നായകൻ വിരാട് കോഹ്ലി 19 റൺസും രോഹിത് ശർമ്മ 15 റൺസുമെടുത്ത് പുറത്തായി. തുടക്കത്തിൽ മന്ദഗതിയിലായിരുന്നു ഇന്ത്യയുടെ സ്കോറിങ്. ആദ്യ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. എന്നാൽ ശിവം ദുബെ വന്നതോടെ കളി മാറി. 27 പന്തിലാണ് ദുബെ ഫിഫ്റ്റി നേടിയത്. 30 പന്തിൽ 54 റൺസെടുത്ത് പുറത്താകുമ്പോൾ നാലു സിക്സറുകളും മൂന്നു ഫോറും ആ ഇന്നിംഗ്സിന് ചാരുതയേകി. വിൻഡീസിന് വേണ്ടി ഹെയ്ഡൻ വാൽഷും കെസ്രിക് വില്യംസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഹൈദരാബാദിൽ നടന്ന ആദ്യ ടി20 ജയിച്ച ടീമിനെ നിലനിർത്താൻ ഇന്ത്യ തീരുമാനിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാൻ സഞ്ജു വി സാംസണ് അവസരം ലഭിച്ചില്ല. ടീമിൽ ഒരു മാറ്റവുമായാണ് വിൻഡീസ് കാര്യവട്ടത്ത് കളിക്കുന്നത്. ദിനേഷ് രാംദിന് പകരം പുരാൻ ടീമിലെത്തി. ഹൈദരാബാദിൽ നടന്ന ആദ്യ മത്സരം ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെ മത്സരം ഡിസംബർ 11 ബുധനാഴ്ച മുംബൈയിൽ നടക്കും. മുംബൈയിൽ ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും.