08 December, 2019 04:41:07 PM


നഷ്ടപ്പെട്ട ലോക കിരീടം ഇടി കൊടുത്ത് തിരിച്ചുവാങ്ങി ; അമേരിക്കന്‍ താരത്തെ തോല്‍പ്പിച്ച് ആന്‍റണി ജോഷ്വ



റിയാദ്: റിയാദില്‍ ഇന്നലെ രാത്രി അവസാനിച്ച ലോക ഹെവിവെയ്റ്റ് ബോക്‌സിങ് റീമാച്ചില്‍ മെക്‌സിക്കന്‍ അമേരിക്കന്‍ ഇടി വീരന്‍ ആന്‍ഡി റൂയിസിനെ തോല്‍പ്പിച്ച് ലോക കിരീടം സ്വന്തമാക്കി ബ്രിട്ടീഷ് ബോക്‌സിങ് താരം ആന്റണി ജോഷ്വ. ആറു മാസം മുമ്പ് ന്യുയോര്‍ക്കില്‍ വച്ച് കൈയ്യില്‍ നിന്ന് പോയ ലോക കിരീടമാണ് ജോഷ്വ തിരികെ പിടിച്ചത്.


ദിരിയ സീസണിന്റെ ഭാഗമായി റിയാദിലെ ഇടിക്കൂട്ടില്‍ കനത്ത പോരാണ് രണ്ടുപേരും തമ്മില്‍ നടന്നത്. ഈ വര്‍ഷം ജൂണില്‍ ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ലോക ഹെവിവെയ്റ്റ് ബോക്‌സിങ് മത്സരത്തില്‍ അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന് റിയാദില്‍ കണക്ക് പറഞ്ഞ് മറുപടി കൊടുക്കുകയായിരുന്നു ജോഷ്വ.


ന്യൂയോര്‍ക്കിലേത് അപ്രതീക്ഷിത അട്ടിമറിയായിരുന്നു. ആന്‍ഡി റൂയിസ് അന്ന് ശരിക്കും ജോഷ്വയെ മാത്രമല്ല ബോക്‌സിങ് ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞിരുന്നു. ആ പകയോടെ റിയാദില്‍ എതിരാളിയെ നേരിട്ട ജോഷ്വ ഇതുവരെ പുറത്തെടുക്കാതിരുന്ന തന്ത്രങ്ങളിലൂടെയാണ് റൂയിസിനെ പൂട്ടിയത്. 


അഞ്ചാം റൗണ്ട് വരെ ഒരുവിധം പിടിച്ചുനിന്ന റൂയിസ് ആറാം റൗണ്ടില്‍ തലയിലേറ്റ കനത്ത ഇടിയില്‍ ഉലഞ്ഞുപോയി. എങ്കിലും പ്രതിരോധം തുടര്‍ന്നു. ഒമ്പതാം റൗണ്ടില്‍ അല്‍പമൊന്ന് ഉയിര്‍ത്തെഴുന്നേറ്റ് തിരിച്ചിടിക്കാന്‍ ശ്രമിച്ചു. പക്ഷെ ദുര്‍ബലമായിരുന്നു റൂയിസിന്റെ ആക്രമണങ്ങള്‍. 107 തവണ ജോഷ്വ ഇടിച്ചപ്പോള്‍ ആകെ തിരിച്ചുകൊടുക്കാനായത് 60 എണ്ണം മാത്രമായിരുന്നു. വിധികര്‍ത്താക്കളായ സ്റ്റീവ് ഗ്രേ (ബ്രിട്ടന്‍), ഗ്ലെന്‍ ഫെല്‍ഡ്മാന്‍ (അമേരിക്ക), ബിനോയ്റ്റ് റസ്സല്‍ (കാനഡ) എന്നീ മൂന്നുപേരും ജോഷ്വക്കാണ് കൂടുതല്‍ മാര്‍ക്കിട്ടത്.


ഏഴു കോടിയോളം ഡോളറാണ് റിയാദില്‍ നിന്ന് പ്രതിഫലമായി ജോഷ്വക്ക് കിട്ടിയത്. ദിരിയയിലെ ഇരുപതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. മധ്യേഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K