07 December, 2019 09:20:48 PM
ചരിത്രം സൃഷ്ടിച്ച് സൗദി ; ലോക ബോക്‌സിങ് പോരാട്ടത്തിന് തുടക്കമായി
റിയാദ്: ചരിത്രം സൃഷ്ടിച്ച് സൗദി അറേബ്യ ലോക ബോക്‌സിങ് പോരാട്ടത്തിന് തുടക്കം കുറിച്ചു. റിയാദിലാണ് ആദ്യത്തെ കളി നടക്കുന്നത്. നിലവിലെ ലോക ഹെവിവെയിറ്റ് ചാമ്പ്യനും എതിരാളിയും തമ്മിലെ ഗംഭീര പോരാട്ടത്തിന് ദറഇയ പൗരാണിക നഗരം സാക്ഷ്യം വഹിക്കുകയാണ്. കളി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 50,000 റിയാല്‍ മുതല്‍ 519 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്.
സൗദിയില്‍ മാത്രമല്ല മധ്യേഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ലോക ചാമ്പ്യന്മാര്‍ തമ്മിലെ പോരിന് ഇടിക്കൂടൊരുങ്ങുന്നത്. ഇന്ന് വൈകീട്ട് ആറ് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയാണ് 'മണല്‍ക്കുന്നുകളിലെ പോര്' എന്ന് പേരിട്ടിരിക്കുന്ന ലോക ഹെവിവെയ്റ്റ് ബോക്‌സിങ് റീമാച്ച്. 'ദ ഡസ്‌ട്രോയര്‍' എന്ന വിളിപ്പേരുള്ള നിലവിലെ ലോക ചാമ്പ്യന്‍ മെക്‌സിക്കന്‍ വംശജനായ അമേരിക്കന്‍ പ്രഫഷനല്‍ ബോക്‌സര്‍ ആന്‍ഡി റൂയിസ് ജൂനിയറും എതിരാളി 'എ.ജെ' എന്ന ചരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ബ്രിട്ടീഷ് പ്രഫഷനല്‍ ബോക്‌സര്‍ ആന്റണി ജോഷ്വയും തമ്മിലാണ് ദറഇയിലെ ഗോദയില്‍ തകര്‍പ്പന്‍ ഇടിപ്പോര്.
ഈ വര്‍ഷം ജൂണില്‍ ന്യൂയോര്‍ക്കില്‍ ജോഷ്വയെ ഇടിച്ചുതോല്‍പിച്ച് റൂയിസ് ഹെവിവെയ്റ്റ് ബോക്‌സിങ് ലോക ചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നു. അത് വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ജോഷ്വയെ റിയാദിലെത്തിച്ചിരിക്കുന്നത്. റൂയിസിന്റെ കൈയ്യിലകപ്പെട്ട ഡബ്ല്യു.ബി.എ, ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ കിരീടങ്ങള്‍ ഇടിച്ചുവാങ്ങുക തന്നെ വേണം ജോഷ്വക്ക്. അതുകൊണ്ട് തന്നെ ന്യൂയോര്‍ക്കില്‍ നടന്ന ഇടിപ്പോരിന്റെ തീപാറുന്ന തുടര്‍പോരാകും റിയാദിലേത്.